വിദ്യാഭ്യാസ അവസരങ്ങൾക്കായുള്ള യുകെയിലെ അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗൺസിൽ, 2022 ഫെബ്രുവരി 11, 12 തീയതികളിൽ സ്റ്റഡി യുകെ സബ്ജക്ട് ഫെയർ എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. യുകെയിൽ സ്റ്റെം (STEM)-മെഡിസിൻ, ബിസിനസ് മാനേജ്മെന്റ് വിഷയങ്ങൾ പഠിക്കാൻ താൽപര്യമുള്ളവരെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുറമെ രക്ഷിതാക്കൾ, കൗൺസിലേഴ്സ്, വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റുകൾ എന്നിവർക്ക് പങ്കെടുക്കാം.

സ്റ്റെം-മെഡിസിൻ, ബിസിനസ് മാനേജ്മെന്റ സർവകലാശാലകളുടെ സാന്നിധ്യം വെബിനാറിലുണ്ടാവും. വിഷയങ്ങൾ, കോഴ്സുകൾ, അപേക്ഷകൾ, സ്‌കോളർഷിപ്പുകൾ, പ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള ആധിരകാരികമായ എല്ലാ വിവരങ്ങളും വെബിനാറിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധരിൽ നിന്ന് ലഭ്യമാവും.

2022 ഫെബ്രുവരി 11ന് സ്റ്റെം-മെഡിസിൻ, 12ന് ബിസിനസ് മാനേജ്മെന്റ് എന്നിങ്ങനെയായിരിക്കും വെബിനാർ. രണ്ട് ദിവസവും ഉച്ചക്ക് 2.30 മുതൽ 3 വരെ യുകെയിലെ പഠനത്തിനുള്ള സ്‌കോളർഷിപ്പുകളെ കുറിച്ചുള്ള സെഷനോടെ വെബിനാർ തുടങ്ങും. 3 മുതൽ 5 മണി വരെ പ്രശസ്തമായ റസ്സൽ ഗ്രൂപ്പിലെ ഏഴ് സ്ഥാപനങ്ങൾ ഉൾപ്പെടെ പതിനഞ്ചിലധികം യുകെ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താം.

ക്യുഎസ് ഗ്രാജ്വേറ്റ് എംപ്ലോയബിലിറ്റി റാങ്കിങ് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളവരിൽ യുകെ ബിരുദധാരികളും ഉൾപ്പെടുന്നുണ്ട്. യുകെ സർവകലാശാലകളിൽ ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർധനവാണുണ്ടാകുന്നത്. 2021 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം അവസാന 12 മാസത്തിനുള്ളിൽ 102 ശതമാനം വാർഷിക വളർച്ചാ വർധനവാണ് രേഖപ്പെടുത്തിയത്.

വെബിനാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും https://bit.ly/3IZYa-tJ സന്ദർശിക്കാം.