- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസ്റ്റാൻഡിൽ രക്തം തളം കെട്ടിയത് കണ്ട് കുത്തിയ ആളെയും കുത്തേറ്റ ആളെയും കണ്ടെത്താൻ നെട്ടോട്ടം; സിസിടിവിയിലെ പരിശോധനയിലും ആളെ തിരിച്ചറിഞ്ഞില്ല; മൂലമറ്റത്തെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ
തൊടുപുഴ: മൂലമറ്റത്ത് സ്വകാര്യബസ് സ്റ്റാന്റിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തം തളം കെട്ടിയ സംഭവം പൊലീസിനെ വട്ടം ചുറ്റിച്ചത് മണിക്കൂറുകൾ. ഉച്ചയ്ക്ക് 12 മണിയോടെ വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതോടെയാണ് നഗരത്തെ ആകാംക്ഷയുടെയും അമ്പരപ്പിന്റെയും മുൾമുനയിൽ നിർത്തിയ സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നത്.
പൊലീസ് പരിശോധനയിൽ സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും ഒരാളെ കണ്ടെത്തിയെങ്കിലും ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമവും കിലോമീറ്ററുകൾ നടന്നുള്ള തിരച്ചിലിനും ശേഷമാണ് രക്തം തളം കെട്ടുന്നതിന് കാരണമായ മുറിവുമായി നടന്നിരുന്ന ആളെ പൊലീസ് ആളെ തിരച്ചറിഞ്ഞത്.
അറക്കുളം മൈലാടിക്ക് സമീപം ആലിൻചുവട് പെരുമ്പാറടിയിൽ സോമി(40)യുടെ തലയിലേറ്റ മുറിവിൽ നിന്നാണ് ഷോപ്പിങ് കോംപ്ലക്സിലും സമീപത്തെ കടത്തിണ്ണകളിലും രക്തം തളംകെട്ടിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം. മദ്യലഹരിയിലായിരുന്ന സോമി സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം രാത്രിയിൽ കാൽതട്ടി തലയടിച്ചു വീണ് പരിക്കേൽക്കുകയായിരുന്നു. മദ്യത്തിന്റെ ആവേശത്തിൽ മുറിവ് കാര്യമാക്കാതെ സോമി ഷോപ്പിങ് കോംപ്ലസ്സിലും കടത്തിണ്ണകളിലുമൊക്കെ എത്തുകയും കുറച്ചുസമയം ഇവിടങ്ങളിൽ ചെലവഴിക്കുകയും ചെയ്തതായാണ് രക്തം തറയിൽ രക്തം പരക്കാൻ കാരണമായത്.
പുലർച്ചെ ബോധം വീണപ്പോൾ സോമി താൻ പണി ചെയ്യുന്ന തോട്ടത്തിലേയ്ക്ക് പോയി. രാവിലെ ടൗണിലെത്തിയവർ പലസ്ഥലങ്ങളിൽ രക്തം കണ്ടതോടെ പരിഭ്രാന്തരാവുകയും വിവരം അറിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രിയിൽ കത്തിക്കുത്ത് നടന്നെന്നും മുറിവേറ്റയാൾ മരണപ്പെട്ടിരിക്കാമെന്നും മറ്റുമായിരുന്നു വ്യാപകമായി പ്രചരിച്ച വിവരം. കുത്തിയയാളെയും കുത്തേറ്റയാളെയും കണ്ടെത്താനായി പിന്നീട് നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമം.
മുറിവുകളോടെ സോമി തോട്ടത്തിലേയ്ക്ക് പോകുന്നതു കണ്ട തൊഴിലുറപ്പ് സ്ത്രീ നൽകിയ വിവരമനുസരിച്ചാണ് പൊലീസിന് ഇയാളെ കണ്ടെത്താനായത്.അതിനായി മൂലമറ്റം സ്വിച്യാർഡിനു സമീപത്തെ റബർ തോട്ടങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പൊലീസ് സംഘം തിരച്ചിൽ നടത്തി.ഏതാണ്ട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ 11.45ഓടെ മൂലമറ്റം ആഡിറ്റിന് താഴെയുള്ള റബർതോട്ടത്തിലെ ഷെഡിൽ അവശനിലയിൽ സോമിയെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാളെ പൊലീസ് അറക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിൽസ നൽകി. തലയിലെ മുറിവിന് മൂന്ന് തുന്നിക്കെട്ട് വേണ്ടിവന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം സോമിയെ തൊടുപുഴ താലൂക്കാശുപത്രിയിലെത്തിക്കാൻ രണ്ട് സുഹൃത്തുക്കൾക്ക് നിർദ്ദേശം നൽകിയ ശേഷമാണ് പൊലീസ് മടങ്ങിയത്.
എസ്‌ഐ.മാരായ കെ .ഐ. നസീർ, ഇസ്മായിൽ, എഎസ്ഐ സാംകുട്ടി, സി.പി.ഒ.മാരായ അരുൺ, ടോബി, ഷാജഹാൻ,അജീഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് സോമിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
മറുനാടന് മലയാളി ലേഖകന്.