ഹൈദരാബാദ്: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എം പിയുടെ ദീർഘായുസിനായി 101 ആടുകളെ ബലികൊടുത്ത് പ്രാർത്ഥന. ഹൈദരാബാദിൽ ഞായറാഴ്ചയാണ് ആടുകളെ ബലികൊടുത്തുകൊണ്ട് ഒവൈസിയുടെ അനുയായി പ്രാർത്ഥന നടത്തിയത്.

ബാഗ്- ഇ- ജഹനാരയിലാണ് ഒവൈസിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തിയത്. എഐഎംഐഎം നേതാവ് അഹമ്മദ് ബലാലയും മലാക്കപേട്ട് എംഎൽഎയും പ്രാർത്ഥനയിൽ പങ്കെടുത്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ദിവസങ്ങൾക്ക് മുൻപ് ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഉത്തർപ്രദേശിലെ മീററ്റിൽ വെച്ച് വെടിയുതിർക്കുകയും ഒവൈസി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഒവൈസിയുടെ ദീർഘായുസിനും സുരക്ഷക്കുമായി അനുയായികൾ വിവിധ സ്ഥലങ്ങളിലായി പ്രാർത്ഥനകൾ നടത്തിവരികയാണ്.

ഒവൈസി സഞ്ചരിച്ച് വാഹനത്തിന് നേരെ ഫെബ്രുവരി മൂന്നിനാണ് വെടിവെയ്‌പ്പ് ഉണ്ടായത്. യുപി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങവെയാണ് തന്റെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായതെന്നാണ് ഒവൈസി പറയുന്നത്. നാലംഗ സംഘമാണ് വെടിയുതിർത്തതെന്നും നാല് റൗണ്ട് വെടിവെച്ചെന്നും ഒവൈസി നേരത്തെ പറഞ്ഞിരുന്നു. വാഹനത്തിൽ രണ്ട് ബുള്ളറ്റുകൾ തറച്ചതായും ചിത്ര സഹിതം ഒവൈസി ട്വീറ്റ് ചെയ്തിരുന്നു.

അക്രമത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷ കേന്ദ്രം വർധിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഒവൈസി സുരക്ഷ നിഷേധിക്കുകയാണ് ചെയ്തത്.

ഛിജാർസി ടോൾ ഗേറ്റിനടുത്തുവെച്ച് കാറിനെതിരെ വെടിവെപ്പുണ്ടായെന്നായിരുന്നു ഒവൈസി ട്വിറ്ററിലൂടെ പറഞ്ഞത്. തന്റെ കാർ പഞ്ചറായെന്നും മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുകയാണെന്നുമായിരുന്നു ട്വിറ്ററിലൂടെ ഒവൈസി പറഞ്ഞത്. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥന നടന്നെന്ന വാർത്ത പുറത്ത് വരുന്നത്.