പാല: പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. സംഭവ ശേഷം ഒളിവിൽ പോയ ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരൻ(30) ആണ്് അറസ്റ്റിലായത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയ ബസ് കണ്ടക്ടർ അഫ്‌സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ ഫോണിലൂടെ വിളിച്ചു വരുത്തിയ ശേഷം ബസിനുള്ളിൽ കയറ്റി. ബസിലെ മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്‌സലിന് ഒത്താശചെയ്ത് ബസിന്റെ ഷട്ടർ താഴ്‌ത്തി പുറത്തുപോവുകയായിരുന്നു. എന്നാൽ ഇതു കണ്ട ചിലർ സംഭവം പൊലീസിൽ അറിയിച്ചു.

തുടർന്ന് പാലാ ഡി വൈ എസ് പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പാലാ സിഐ. കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളിൽ നിന്നും പെൺകുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു. ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് സ്റ്റാൻഡിനുള്ളിൽ നിന്നും പിടികൂടിയിരുന്നു. ഒന്നാം പ്രതി അഫ്‌സലും രണ്ടാം പ്രതി എബിനും ഇപ്പോൾ റിമാൻഡിലാണ്.

സംഭവദിവസം അഫ്‌സലിനെയും എബിനെയും പൊലീസ് പിടികൂടിയതറിഞ്ഞ കണ്ടക്ടർ വിഷ്ണു സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു.

ഞായറാഴ്ച രാവിലെ എസ് ഐ അഭിലാഷ് എംഡി, എഎസ്ഐമാരായ ബിജു വർഗീസ്, ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.