- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാഥമിക പട്ടികയിൽ നിന്നും ഒഴിവായത് നിരവധി കുടുംബങ്ങൾ; സംസ്ഥാനത്ത് അതിദരിദ്രരേറെ തിരുവനന്തപുരത്ത്
കാളികാവ്: സംസ്ഥാനത്ത് അതിദരിദ്രരേറെ തിരുവനന്തപുരത്ത്. കരടുപട്ടികയിൽ ഉൾപ്പെട്ട പകുതിയിലേറെ കുടുംബങ്ങൾ സൂപ്പർ ചെക്കിലും ഗ്രാമസഭകൾ നടത്തിയ പുനഃപരിശോധനയിലും പുറത്തായതോടെ ജില്ലാതലത്തിൽ തിരുവനന്തപുരത്താണ് ഇപ്പോൾ കൂടുതൽ അതിദരിദ്രരുള്ളത്. സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങളാണ് അതിദരിദ്രരുടെ എണ്ണത്തിൽ കൂടുതൽ.
പ്രാഥമിക പട്ടികയിൽ 87,158 കുടുംബങ്ങളാണ് ഇടംപിടിച്ചത്. അന്തിമമായി അംഗീകാരം നൽകേണ്ട ഗ്രാമസഭകളുടെ പരിശോധനയിൽ 46,535 കുടുംബങ്ങളായി കുറഞ്ഞു. പ്രാഥമിക പട്ടികയിൽ അതിദരിദ്രരുടെ എണ്ണത്തിൽ മലപ്പുറമായിരുന്നു ഒന്നാമത്. എന്നാൽ അന്തിമ പട്ടികയിൽ മലപ്പുറം മൂന്നാമതായി.
അതിദരിദ്ര നിർമ്മാർജന പദ്ധതിക്ക് പ്രത്യേക പദ്ധതിവിഹിതം പ്രതീക്ഷിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ വിശാലമായ പട്ടിക തയ്യാറാക്കിയത്. പ്രത്യേക പദ്ധതിവിഹിതം ഉണ്ടാകില്ലെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കി. നിലവിൽ നടപ്പാക്കുന്ന ആശ്രയ പദ്ധതി ഉൾപ്പെടെ പ്രയോജനപ്പെടുത്താനാണ് നിർദ്ദേശം. കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തികബാധ്യത പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങൾ സ്വയം തിരുത്തലിന് തയ്യാറായി.
കോട്ടയം, വയനാട് ജില്ലകളിൽ മാത്രമാണ് ഗ്രാമസഭ 100 ശതമാനം പൂർത്തിയാക്കി അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. തിരുവനന്തപുരത്ത് പ്രാഥമിക പട്ടികയിൽ 9904 കുടുംബങ്ങളുണ്ടായിരുന്നു. 73 ശതമാനം ഗ്രാമസഭ ചേർന്നശേഷം പട്ടികയിൽ 7952 കുടുംബങ്ങൾ ശേഷിക്കുന്നുണ്ട്. രണ്ടാമതുള്ള തൃശ്ശൂരിൽ 6215-ൽനിന്ന് 4901 കുടുംബങ്ങളായി കുറഞ്ഞു. ഇവിടെ 99.67 ശതമാനം ഗ്രാമസഭ പൂർത്തിയായി. വലിയ മാറ്റം മലപ്പുറത്താണ്. 15,959 കുടുംബങ്ങളിൽനിന്ന് 4769 കുടുംബങ്ങളായി കുറഞ്ഞു. ഗ്രാമസഭ ചേരുന്നതിലും മലപ്പുറം പിന്നിലാണ്. 49 ശതമാനം ഗ്രാമസഭ മാത്രമാണ് ചേർന്നത്.
മറ്റു ജില്ലകളിലെ സ്ഥിതി:
പ്രാഥമിക പട്ടിക അംഗീകരിച്ചത് ഗ്രാമസഭ(%)
കോട്ടയം 1294 1074 100
വയനാട് 3690 3065 100
ഇടുക്കി 3063 2584 92.68
കാസർകോട് 3582 2746 92.28
ആലപ്പുഴ 4487 3103 84.47
എറണാകുളം 6868 4062 68.09
പാലക്കാട് 7637 3749 64.80
കണ്ണൂർ 6420 2462 61.88
കോഴിക്കോട് 9488 3331 54.02
കൊല്ലം 5524 1487 51.20
പത്തനംതിട്ട 3578 1250 51.09