ചാൾസ് സിംഹാസനമേറുമ്പോൾ കാമിലയ്ക്ക് രാജ്ഞി പട്ടം വന്നുചേരുമെന്ന് എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു. ഹാരിയുടെയും മെഗന്റെയും പടിയിറക്കം പോലെ ഇത് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുകയോ മറ്റോ ഉണ്ടായിട്ടില്ല. രാജ്ഞിയും അവരുടെ പ്രൈവറ്റ് സെക്രട്ടറി സർ എഡ്വേഡ് യങ്ങും, ചാൾസ് രാജകുമാരനും അദ്ദേഹത്തിന്റെ ഉറ്റ സഹായി ക്ലൈവ് ആൾഡേർട്ടനും മാത്രമായിരുന്നു ആ തീരുമാനം ഏടുക്കുമ്പോൾ ഉണ്ടായിരുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത്. കാമിലയ്ക്ക് പോലും ഇക്കാര്യം അറിയില്ലായിരുന്നു എന്നതാണ് വാസ്തവം.

വർഷങ്ങൾക്ക് മുൻപേ ഈ തീരുമാനം എടുത്തിരുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ചാൾസ് തന്റെ രണ്ട് മക്കളോട് ഇക്കാര്യം അന്നേ സൂചിപ്പിച്ചിരുന്നു എന്നതല്ലാതെ ഇതിന്റെ പേരിൽ വലിയ സംവാദങ്ങളോ ചർച്ചകളോ ഒന്നും ഉണ്ടായില്ല. കാമിലയ്ക്ക് മുകളിൽ എന്നും കരിനിഴൽ വിരിച്ച് ബ്രിട്ടീഷുകാരുടെ ഹൃദയത്തിൽ ഇനിയും മരിക്കാത്ത ഓർമ്മയായി കുടികൊള്ളുന്ന ഡയാന രാജകുമാരി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു 2005-ൽ ഇവരുടേ വിവാഹനിശ്ചയം പ്രഖ്യാപിക്കുന്ന സമയത്ത് വിവാഹശേഷം കാമില പ്രിൻസസ് ഓഫ് വെയിൽസ് എന്ന് അറിയപ്പെടില്ല എന്ന പ്രഖ്യാപനമുണ്ടായത്.

വെയിൽസിലെ രാജകുമാരൻ എന്നതാണ് ചാൾസിന്റെ ഔദ്യോഗിക പദവി. സ്വാഭവികമായും അദ്ദേഹത്തിന്റെ ഭാര്യയ്-ക്ക് ലഭിക്കേണ്ട പദവി തന്നെയാണ് വെയിൽസിലെ രാജകുമാരി എന്നത്. എന്നാൽ അന്ന് അതുണ്ടായില്ല. മാത്രമല്ല, ചാൾസ് സിംഹാസനമേറിയാലും കാമില രാജ്ഞി എന്നായിരിക്കില്ല മറിച്ച് രാജകുമാരി എന്ന നിലയിൽ മാത്രമേ അറിയപ്പെടുകയുള്ളൂ എന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്നു മുതൽ തന്നെ കാമിലയെ രാജ്ഞി പദവിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു എന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മെയിൽ എഴുതുന്നു.

എന്നാൽ, കാമില പദവികൾക്ക് പിറകെ ഒരിക്കല്യൂം പോയിട്ടില്ല എന്നാണ് അവരുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. എന്നും ചാൾസിന്റെ പിന്നിൽ, അദ്ദേഹത്തിന് പിന്തുണയേകി നിൽക്കുക മാത്രമായിരുന്നു കാമില ചെയ്തിരുന്നത്. ആ നിസ്വാർത്ഥതയായിരിക്കാം രാജ്ഞിയെ ആകർഷിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചാൾസ് പ്രണയപൂർവ്വം മെഹബൂബ എന്ന് വിളിക്കുന്ന കാമിലയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും അവരോട് ഏറെ അടുപ്പമുള്ളവർ പറയുന്നു.

തങ്ങളുടേ ദാമ്പത്യ ജീവിതത്തിലെ മൂന്നാമതൊരാൾ എന്ന് ഡയാന വിശേഷിപ്പിച്ച കാമില അങ്ങനെ ബ്രിട്ടന്റെ രാജ്ഞിപദവിയിലേക്ക് നടന്നടുക്കുകയാണ്. ഡയാനയുടെയും ചാൾസിന്റെയും ജീവിതവുമായി ബന്ധപ്പെട്ട് ഏറെ പഴികൾ കേൾക്കേണ്ടിവന്നിട്ടുണ്ട് അന്നത്തെ കാമില പാർക്കർക്ക്. എന്നും ചാൾസിനൊപ്പമായിരുന്നു അവർ. എന്നാൽ, രാജകുടുംബാംഗങ്ങൾക്ക് അവർ അത്ര നല്ല ഒരു സ്ത്രീയായിരുന്നില്ല. ഡയാനയുടെ മരണം നടന്ന് ഒരു വർഷത്തിനു ശേഷം ചാൾസ് കാമിലയുമായുള്ള വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ ആ ക്രൂരയായ സ്ത്രീയുടെ കാര്യം സംസാരിക്കാൻ തനിക്കിഷ്ടമില്ലെന്നായിരുന്നു രാജ്ഞി പറഞ്ഞതെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അർദ്ധമനസ്സോടെയായിരുന്നു രാജകുടുംബം ഇവരുടെ വിവാഹത്തിന് അനുമതി നൽകിയത്. എന്നാൽ, വിവാഹശേഷം കാണുന്നത് കാമിലയുടെ ക്രൂരയായ സ്ത്രീ എന്ന പ്രതിച്ഛായ മാറി സ്നേഹവതിയായ ഭാര്യ എന്ന സങ്കല്പത്തിലേക്ക് എത്തുന്നതാണ്. തനിക്ക് നേരിട്ട അവഗണനകൾ മൂലമാണ് മേഗൻ ഹാരിയെ കുടുംബം വിട്ട് അമേരിക്കയിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത് എന്നതരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അത്തരത്തിലൊരു വേറിട്ടുപോക്കിന് കാമില തയ്യാറായില്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.

രാജകുടുംബത്തിന്റെ നാലതിരുകൾക്കുള്ളിൽ തന്നെ, അതിന്റെ സാംസ്‌കാരിക പശ്ചാത്തലവും പൈതൃകവും ഉൾക്കൊണ്ടുകൊണ്ടു തന്നെ അവർ ഭർത്താവിനൊപ്പമ്മ് ജീവിച്ചു. ഒരു നല്ല ഭാര്യയായി, ഭർത്താവിന് എല്ലാ പിന്തുണയും നൽകിയായിരുന്നു അവർ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലേതുപോലെ ബ്രിട്ടീഷ് ജനതയുടെ മനസ്സിലും കാമിലയുടെ പ്രതിച്ഛായ മാറിവരുകയായിരുന്നു. ചാൾസ് രാജാവാകുമ്പോൾ കാമിലയ്ക്ക് രാജ്ഞി പദവി നൽകണമോ എന്ന ഓൺലൈൻ സർവ്വേകളിലെല്ലാം അവർക്കെതിരെയുള്ള എതിർപ്പ് കുറഞ്ഞുവരികയായിരുന്നു.