മസ്‌കത്ത്: മാർച്ച് ആറ് മുതൽ മസ്‌കത്തിൽ കൂടുതൽ വാഹനം പാർക്കിങിന് ഫീസ്. നഗരിയിലെ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുകയാണ്. ഉരീദോ സ്‌റ്റോറിന് പിൻവശമുള്ള അൽ ഖൂദ് മാർക്കറ്റ്, റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിന് ചുറ്റുവട്ടം, അൽ ഖുവൈർ സൗത്തിലെ വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശമുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പുതുതായി പെയ്ഡ് പാർക്കിങ് സംവിധാനമൊരുങ്ങുന്നത്.

മാർച്ച് ആറ് മുതൽ ഈ സ്ഥലങ്ങളിൽ വാഹന പാർക്കിങ്ങിന് ഫീസ് നൽകേണ്ടിവരുമെന്ന് മസ്‌കത്ത് നഗരസഭ അധികൃതർ അറിയിച്ചു.ഇവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് 90091 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാർ നമ്പർ, ആവശ്യമായ സമയം എന്നിവ രേഖപ്പെടുത്തണം. 30 മിനിറ്റ് മുതൽ 300 മിനിറ്റുവരെ സമയത്തേക്ക് ബുക്കിങ് നടത്താം. കൂടുതൽ സമയം ആവശ്യമെങ്കിൽ ഇതേ നമ്പറിൽ വീണ്ടും എസ്.എം.എസ് അയക്കണം.

മസ്‌കത്ത് നഗരസഭയുടെ ബലദിയതി ആപ്ലിക്കേഷൻ ഉപയോഗിച്ചും പാർക്കിങ് ബുക്ക് ചെയ്യാം. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി ഒഴികെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരുമണിവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ് ഫീസ് ഈടാക്കുക. ',