തിരുവനന്തപുരം: കാസർഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് 6 മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യമെടുത്ത് കാസർഗോഡ് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിർമ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ലാബിനാവശ്യമായ ഫർണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കുന്നതാണ്. ലബോറട്ടറി സൗകര്യം കുറഞ്ഞ കാസർഗോഡ് പുതിയ പബ്ലിക് ഹെൽത്ത് ലാബ് വരുന്നതോടെ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സഹായത്താൽ 2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ പബ്ലിക് ഹെൽത്ത് ലാബുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ലിക് ഹെൽത്ത് ലാബില്ലാത്ത ജില്ലകളിൽ പുതുതായി ലാബുകൾ സ്ഥാപിക്കുന്നതാണ്. പകർച്ച വ്യാധികൾ, പകർച്ചേതരവ്യാധികൾ, ഹോർമോൺ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബിൽ ചെയ്യാൻ സാധിക്കും. പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകൾ ഈ ലാബിലൂടെ സാധ്യമാകുന്നതാണ്.

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ് പബ്ലിക് ഹെൽത്ത് ലാബുകൾ. ഒ.പി., ഐ.പി. ബാധകമല്ലാതെ ഡോക്ടറുടെ കുറിപ്പടിയോട് കൂടി ഏതൊരാൾക്കും പബ്ലിക് ഹെൽത്ത് ലാബിന്റെ സേവനം ലഭ്യമാണ്. ബി.പി.എൽ. വിഭാഗക്കാർക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. എ.പി.എൽ. വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു