തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു. ഭേദഗതിയിലൂടെ സർക്കാർ അഴിമതിക്ക് കളമൊരുക്കുകയാണ് എന്നാണ് ബിജെപി നിലപാട്. ഓർഡിനൻസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

സർക്കാരിനെതിരേ പല വിഷയങ്ങളിലും ഗവർണർ നിലപാടെടുക്കുമ്പോൾ അദ്ദേഹത്തെ അതിശക്തമായി പിന്തുണക്കുകയാണ് സംസ്ഥാനത്ത് ബിജെപി ചെയ്തിരുന്നത്. എന്നാൽ, ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ ബിജെപിക്ക് കടുത്ത അമർഷമുണ്ട്. പാർട്ടി നേതാക്കൾ എല്ലാം തന്നെ അത് പ്രകടിപ്പിക്കുന്നുണ്ട്.

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കാതെ തിരിച്ചയക്കണമായിരുന്നെന്നാണ് ബിജെപിയുടെ നിലപാട്. ഓർഡിനൻസിനെതിരേ കോടതിയെ സമീപിക്കുമെന്നുതന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചത്. എന്നാൽ അത് ഏത് തരത്തിൽ, എപ്പോൾ വേണമെന്ന് നിയമവൃത്തങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെച്ചത്. ഓർഡിനൻസിൽ ഒപ്പുവെച്ചതോടുകൂടി മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കും. ഓർഡിനൻസ് ഒപ്പിടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ നിയമസഭ ചേരുന്നതിന് തടസം വരുമായിരുന്നു.

ലോകായുക്തയുടെ വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസ് സർക്കാർ അയച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഓർഡിനൻസിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ വിശദീകരണം ചോദിച്ചിരുന്നു. സർക്കാർ മറുപടിയും നൽകിയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഗവർണറെ സന്ദർശിക്കുകയും വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഗവർണർ ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെച്ചത്.