ന്യൂഡൽഹി: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലോക് സഭയിൽ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്ന് മോദി വിമർശിച്ചു. ഉത്തർപ്രദേശിൽ കോവിഡ് പടർത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോൺഗ്രസ് കളിച്ചത്. രാഷ്ട്ര വികസനത്തിൽ ഗാന്ധിയുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്. ശക്തികേന്ദ്രങ്ങൾ തള്ളിക്കളഞ്ഞത് കോൺഗ്രസ് മനസിലാക്കുന്നില്ല. പാർലമെന്റിനെ കോൺഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി ഒരു ബന്ധവും കോൺഗ്രസിന് ഇല്ലെന്നും മോദി വിമർശിച്ചു. കോൺഗ്രസ് രാഷ്ട്രീയ അന്ധതയിൽ മര്യാദകൾ മറന്നു. കോൺഗ്രസ് ജനാധിപത്യത്തെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഇതര സംസ്ഥാന തൊഴിലാളികൾ കോവിഡ് കാലത്തു നേരിട്ട പ്രതിസന്ധിക്കും ഉത്തരവാദി കോൺഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. 'കോൺഗ്രസ് ചെയ്തത് കോവിഡ് പാപമാണ്. രാജ്യം നേരിട്ട പ്രതിസന്ധിക്ക് അവരാണ് കാരണം. കോൺഗ്രസ് എല്ലാ പരിധികളും കടന്നു. ആദ്യ തരംഗത്തിന്റെ നാളുകളിൽ മുംബൈയിലെ തൊഴിലാളികൾക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് കോൺഗ്രസാണ്. ആ നാളുകളിൽ എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കാനാണ് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെട്ടത്. എന്നിട്ടും അവർ ടിക്കറ്റ് നൽകി. അത് കേസുകളുടെ എണ്ണം വർധിപ്പിച്ചു.

രാജ്യത്തെ തൊഴിലാളികളെ കഷ്ടതകളിലേക്ക് നയിച്ചത് ബിജെപി ഇതര സംസ്ഥാനങ്ങളാണ്. ന്യൂഡൽഹിയിൽ തൊഴിലാളികൾക്ക് സഞ്ചരിക്കാൻ സർക്കാർ വക ജീപ്പുകൾ എത്തിച്ചുനൽകി. ഉത്തർപ്രദേശ് പോലുള്ള സംസഥാനങ്ങളിൽ അതു വരെയും കോവിഡ് കേസുകൾ കുറവായിരുന്നു. അവിടെയും കോവിഡ് കേസുകൾ കൂടുന്നതിന് ഇത് കാരണമായി'-മോദി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി രാജ്യം കോവിഡിനെതിരെ പോരാടുന്നു. 80% പേരും പൂർണ്ണ വാക്‌സിനേറ്റ് ചെയ്യപ്പെട്ടു. അത് വലിയ നേട്ടമാണ്. എന്നാൽ, കോവിഡിനെ പോലും കോൺഗ്രസ് രാഷ്ട്രീയവത്ക്കരിക്കാനാണ് നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് വിചാരിച്ചത് കോവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. കോവിഡിൽ പ്രതിച്ഛായ ഇടിയുമെന്നും കരുതി. അടുത്ത നൂറ് വർഷത്തേക്ക് കോൺഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവർക്ക് പ്രതീക്ഷയുമില്ല.

ഇന്നും രാഹുൽ ഗാന്ധി സഭയിലില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്തുകൊണ്ട് ജനം തള്ളിക്കളയുന്നുവെന്ന് ആത്മപരിശോധന നടത്തണം. നിങ്ങളുടെ ധിക്കാരം കാരണമെന്ന് മുമ്പോട്ട് പോകാൻ കഴിയാത്തത്. സാധാരണക്കാരുമായി ഒരു ബന്ധവും ഈ പാർട്ടിക്ക് ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പ് എന്ന കുറുക്ക് വഴിമാത്രമല്ല നോക്കേണ്ടതെന്നും മോദി പറഞ്ഞു. രാഷ്ട്രീയാന്ധതയിൽ കോൺഗ്രസ് മര്യാദകൾ മറന്നു. ജനാധിപത്യത്തെ അപമാനിക്കുന്നു.

ഈ കേന്ദ്ര സർക്കാരിന്റെ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. ആത്മ നിർഭർ ഭാരത് പദ്ധതിയേയും കോൺഗ്രസ് എതിർക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി.

കൊറോണയ്ക്ക് പിന്നാലെ പുതിയ ലോകക്രമം രൂപപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകയായി. ആഗോളതലത്തിൽ കോവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങൾ ബിജെപി ഭരണത്തിൽ ലക്ഷാധിപതികളാകുന്നെന്നും മോദി പറഞ്ഞു.