ഇടുക്കി: ഓട്ടോ ഡ്രൈവർ ഇടുക്കി ഡാമിൽ മീൻവലയിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന മൂങ്ങാമാക്കൽ ബിനോയ് തോമസിനെയാണ് ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു. വസ്ത്രങ്ങൾ വാഹനത്തിലായതിനാൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് സൂചന.

തിങ്കളാഴ്ച വൈകീട്ടാണ് സ്വരാജ് ചന്ദ്രൻ സിറ്റിക്ക് സമീപം ജലാശയത്തിൽ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുറത്തെടുക്കുമ്പോൾ കാലുകൾ മീൻ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്തുനിന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.