- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പത്ത് കോടിയുടെ തട്ടിപ്പ് നടത്തി മലയാളി അദ്ധ്യാപകൻ മുങ്ങി; എൺപതോളം പേരിൽ നിന്ന് കോടികൾ കൈക്കലാക്കിയ ശേഷം രാജ്യംവിട്ടത് കോഴിക്കോട് സ്വദേശിയായ മലയാളി: നഴ്സുമാരെക്കൊണ്ട് ലോണെടുപ്പിച്ചും സഹപ്രവർത്തകരുടെ സമ്പാദ്യം മുഴുവൻ കൈക്കലാക്കിയും വൻ തട്ടിപ്പ്
ജിദ്ദ: സൗദിയിൽ പത്ത് കോടിയുടെ വൻ തട്ടിപ്പ് നടത്തിയ ശേഷം മലയാളി അദ്ധ്യാപകൻ മുങ്ങി. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പരിചയക്കാരിൽ നിന്നെല്ലാം പണം വാങ്ങിയ ശേഷം ഇയാൾ മുങ്ങുക ആയിരുന്നു. എൺപതോളം പേരിൽ നിന്നാണ് 10 കോടിയോളം രൂപ കൈക്കലാക്കിയ ശേഷം ഇയാൾ മുങ്ങിയത്. സുഹൃത്തുക്കളും പരിചയക്കാരുമായ മലയാളികളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷമാണ് ഇയാൾ വൻ തട്ടിപ്പ നടത്തി നാടുവിട്ടത്.
കോഴിക്കോട് സ്വദേശിയായ അദ്ധ്യാപകനെതിരെയാണു സുഹൃത്തുക്കളും സഹപ്രവർത്തകരും പരാതിയുമായി മുന്നോട്ടു വന്നത്. റിയാദ് ഇന്ത്യൻ എംബസി, നോർക്ക, ഡിജിപി എന്നിവർക്കു പരാതി നൽകിയതായി സഹപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയുടെ ഉമ്മക്ക് സുഖമില്ലെന്നും അവരെ വിമാനത്താവളത്തിൽ എത്തിച്ച് തിരിച്ചുവരാമെന്നും പറഞ്ഞാണ് ഇയാൾ നാടുവിട്ടത്.
ആറു വർഷത്തോളം ബിൻ ലാദൻ കമ്പനിയിൽ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോൾ മൂന്നു വർഷമായി റിയാദിലെ സ്വകാര്യ സ്‌കൂളിൽ കെമിസ്ട്രി അദ്ധ്യാപകനായാണു ജോലി ചെയ്യുന്നത്. ബിൻ ലാദൻ കമ്പനിയിലെ സഹപ്രവർത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാൾ അവരിൽ പലരുടെയും ശമ്പളവും ജോലിയിൽ നിന്നു പിരിയുമ്പോൾ കിട്ടുന്ന സർവീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞു കൈക്കലാക്കി. ഏതാനും നഴ്സുമാർ ബാങ്കുകളിൽ നിന്നു വായ്പയെടുത്തും ഇദ്ദേഹത്തിനു പണം നൽകിയിട്ടുണ്ട്. താൻ നൽകുന്ന ലാഭവിഹിതത്തിൽ നിന്നു ലോൺ അടച്ചുതീർത്താൽ മതിയെന്നു വിശ്വസിപ്പിച്ചാണ് ലോണെടുക്കാൻ അവരെ പ്രേരിപ്പിച്ചത്.
ലക്ഷങ്ങൾ നഷ്ടമയാ ഇവർ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ദുബായിൽ നിന്നു സൗദിയിലേക്ക് ചോക്ലറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങാൻ മൂലധനം എന്ന പേരിലാണ് ഇദ്ദേഹം പരിചയക്കാരെ പാട്ടിലാക്കി പണം തട്ടിയത്. മറ്റു ചിലരിൽ നിന്നു ചിട്ടിയെന്നു വിശ്വസിപ്പിച്ച് എല്ലാ മാസവും വൻതുക വാങ്ങിയിരുന്നു. പലർക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ സംഖ്യകൾ നൽകുകയും ചെയ്തു. കഴിഞ്ഞ ആറു വർഷത്തിനിടെ പലർക്കും നാമമാത്ര ലാഭം നൽകുന്നതോടൊപ്പം വൻതുക നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഇത്രയും കാലത്തെ സമ്പാദ്യമാണ് ഇയാൾ അടിച്ചുമാറ്റിയതെന്ന് ഇവർ പറയുന്നു.
ഇയാളെ കാണാതായതോടെ നാട്ടിലന്വേഷിച്ചപ്പോൾ അങ്ങനെ ആർക്കും അസുഖമില്ലെന്നും അവർ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമായി. 13 വർഷമായി ബന്ധമില്ലെന്നാണ് വീട്ടുകാർ പറയുന്നതെങ്കിലും 2019ൽ അയാളുടെ മാതാപിതാക്കൾ റിയാദിൽ സന്ദർശക വിസയിൽ വന്നു താമസിച്ചിട്ടുണ്ട്. ഇദ്ദേഹം ഇന്ത്യയിലെത്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സാബിർ മുഹമ്മദ്, അൻസൽ മുഹമ്മദ്, സമദ് പള്ളിക്കൽ, സമീർ, സജീറുദ്ദീൻ, സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു