കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ ട്രക്കർമാരുടെ പ്രതിഷേധം നേരിടാനാവാതെ കനേഡിയൻ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിക്കുന്ന തരത്തിലാണ് പ്രതിഷേധം തുടരുന്നത്.

കോവിഡ് മഹാമാരി തടയുന്നതിനു കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കെതിരായാണ് പ്രതിഷേധം പുകയുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയുടെ ദേശീയ തലസ്ഥാന നഗരമായ ഒട്ടാവയിൽ മേയർ ഞായറാഴ്ച നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഡൗൺ ടൗൺ കോറിന്റെ ഭൂരിഭാഗവും ക്യാമ്പ് ചെയ്യുന്ന പ്രതിഷേധക്കാരിൽ നിന്ന് ഏത് സമയത്തും സംഘർഷമുണ്ടാകാമെന്നും ഇത് നഗര വാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്നും കണ്ടാണ് നടപടി.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും നഗരവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ ചില സൗകര്യങ്ങൾ നൽകുന്നു. മുൻനിര തൊഴിലാളികൾക്കും ആദ്യം പ്രതികരിക്കുന്നവർക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കും.

ഫ്രീംഡ് കോൺവോയ് എന്ന പേരിൽ ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് രാജ്യത്തുകൊറോണ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം നടക്കുന്നത്.അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്നുള്ള ഭരണകൂടത്തിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. വാക്സിനെടുത്തവർക്കു മാത്രമേ യുഎസ് കനേഡിയൻ അതിർത്തി കടക്കാൻ അനുമതി നൽകൂ എന്ന നിബന്ധനയാണ് ട്രക്ക് ഡ്രൈവർമാരെ രോഷാകുലരാക്കിയത്. തുടക്കത്തിൽ വാക്സിൻ നിർദേശങ്ങൾക്കെതിരെ ആയിരുന്നു പ്രതിഷേധമെങ്കിൽ, പിന്നീട് കോവിഡ് നിയന്ത്രണങ്ങൾക്കും ട്രൂഡോ സർക്കാരിനുമെതിരായ പ്രതിഷേധമായി മാറുകയായിരുന്നു.ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്.

പ്രതിഷേധക്കാരുടെ ട്രക്കുകൾ തെരുവുകൾ തടസ്സപ്പെടുത്തിയിരിക്കുകയാണ്. പാർലമെന്റ് ഹില്ലിന് മുന്നിലും സമീപത്തെ പാർപ്പിട പ്രദേശങ്ങളിലും നടപ്പാതകളിലും പ്രതിഷേധക്കാരുടെസാന്നിധ്യമുണ്ട്.എയർ ഹോണുകൾ നിർത്താതെ മുഴക്കിയും ട്രക്കുകൾ നടുറോഡിൽ പാർക്ക് ചെയ്തും ട്രക്കർമാർ ഉപദ്രവിക്കുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ട്രക്കർമാരും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിച്ചു. പ്രതിഷേധക്കാരുടെ കുത്തിയിരിപ്പ് സമരത്തിൽ ഗ്യാസുകളും മറ്റും എത്തിച്ച് സഹായിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.ഒട്ടാവയിൽ മാത്രമല്ല ടൊറന്റോ, ക്യൂബെക്ക്, വിന്നിപെഗ് നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

കാനഡയിലെ രണ്ട് പ്രധാന എയർലൈനുകളും യാത്രാ നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തി. COVID-19 യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രംഗത്തെത്തിയത്.