ജോലി ചെയ്യുന്ന മാതാപിതാക്കളെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് സ്‌കൂൾ ആരംഭിക്കുന്നതിനും അവസാനിക്കുന്ന സമയത്തിനും വലിയ മാറ്റം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്. രാവിലെ 9മുതൽ 3 വരെ എന്നുള്ള സ്‌കൂൾ സമയത്തിന് വിടപറയാമെന്നാണ് പുറത്ത് വരുന്ന സൂചനകൾ നല്കുന്ന വിവരം.

140 വർഷത്തോളമായി നിലനിൽക്കുന്ന സ്‌കൂൾ പ്രവൃത്തിസമയമാണ് ഇതോടെ മാറുക. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിത്തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കി.1880കൾ മുതൽ നിലനിൽക്കുന്ന സ്‌കൂൾ പ്രവൃത്തി സമയമാണ് ഓസ്‌ട്രേലിയയിൽ ഇപ്പോഴും തുടരുന്നത്.രാവിലെ ഒമ്പതു മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയാണ് ഔദ്യോഗിക സ്‌കൂൾ സമയം.

പല സ്‌കൂളുകളും സ്വന്തമായി ഈ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഓസ്‌ട്രേലിയയിൽ ഔദ്യോഗികമായി നിലനിൽക്കുന്ന സ്‌കൂൾ സമയം ഇതാണ്.ന്യൂ സൗത്ത് വെയിൽസിലെ പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻസ് നിയമത്തിന്റെ 128ാം വകുപ്പ് പ്രകാരം, കുട്ടികൾ രാവിലെ 8.45ന് സ്‌കൂൾ ഗ്രൗണ്ടിൽ എത്തുകയും, ഒമ്പതു മണിക്ക് ക്ലാസ് തുടങ്ങുകയും വേണം.3.20 ന് സ്‌കൂളിൽ നിന്ന് കുട്ടികൾ മടങ്ങുക എന്നതാണ് ഇതിൽ പറയുന്നത്.

വ്യത്യസ്ത സമയങ്ങൾ പരീക്ഷിച്ചുനോക്കാൻ വിവിധ സ്‌കൂളുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രീമിയർ അറിയിച്ചു.രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സ്‌കൂൾ സമയമാണ് പരീക്ഷിക്കുന്ന ഒരു മാറ്റം.കൂടുതൽ ദൈർഘ്യമേറിയ ആഫ്റ്റർ സ്‌കൂൾ കെയറും ഇതോടൊപ്പം പരീക്ഷിക്കും.മറ്റു സമയക്രമങ്ങളിലും പല സ്‌കൂളുകളും പ്രവർത്തിക്കുന്നുണ്ട്.സിഡ്‌നിയിലെ മെരിലാന്റ്‌സ് ഈസ്റ്റ് പബ്ലിക് സ്‌കൂളിൽ എട്ടു മണി മുതൽ 1.15 വരെയാണ് അധ്യയന സമയം.

പഠനത്തിനിടയിൽ ഒരു ചെറിയ ഇടവേള (recess) നൽകുമെങ്കിലും, ഉച്ചഭക്ഷണ ഇടവേള ഉണ്ടാകില്ല എന്നതാണ് ഇവിടത്തെ രീതി. അതിനു പകരം ഉച്ചഭക്ഷണ സമയത്ത് ക്ലാസ് അവസാനിക്കും. വൊളംഗോംഗിലെ എഡ്മണ്ട് റൈസ് കാത്തലിക് കോളേജിൽ എട്ടു മണി മുതൽ രണ്ടു മണി വരെയാണ് അധ്യയന സമയം.കുട്ടികളുടെ ശ്രദ്ധ ഉച്ചയ്ക്കു ശേഷം കുറയുന്നതും ഇത്തരത്തിൽ സമയമാറ്റത്തിന് പ്രേരണയാകുന്നുണ്ട്.