വാഷിങ്ടൺ ഡി.സി.: യുക്രെയ്നിൽ കടന്നു കയറുന്നതിനുള്ള റഷ്യൻ നീക്കത്തെ ചൈന പിന്തുണച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ്. നാഷ്ണൽ സെക്യൂരിറ്റി അഡ് വൈസർ ജേക്ക് സുള്ളിവാൻ ഫെബ്രുവരി 6 ഞായറാഴ്ച മുന്നറിയിപ്പു നൽകി.

ബയ്ജിങ് ഒളിമ്പിക്സ് ഉൽഘാടന ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വൾഡിമർ പുട്ടിനും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും ഒരേ വേദിയിൽ നിന്ന് 5000 വാക്കുകൾ ഉൾക്കൊള്ളുന്ന പ്രസ്താവന നടത്തിയതിന് പുറകെയാണ് സുള്ളിവാൻ ഈ മുന്നറിയിപ്പു ചൈനക്ക് നൽകിയത്.

'ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൽ അതിരുകളില്ല, പരസ്പരം സഹകരിക്കാൻ കഴിയാത്ത ഒരു മേഖലയുമില്ല' ഇതായിരുന്നു റഷ്യയും, ചൈനയും നടത്തിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. യുക്രൈൻ അതിർത്തി ലംഘിച്ചാൽ റഷ്യക്കും കനത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്നും സുള്ളിവാൻ മുന്നറിയിപ്പു നൽകി.

മുന്നറിയിപ്പിനെ അവഗണിച്ചു റഷ്യ യുക്രൈയ്നെ കീഴടക്കാൻ ശ്രമിച്ചാൽ റഷ്യക്ക് മാത്രമല്ല റഷ്യയെ പിന്തുണക്കുന്ന ചൈനക്കും, അതു ദോഷകരമാണ്. യൂറോപ്പ് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ നൽകുന്ന സന്ദേശം യുദ്ധത്തിലൂടെയല്ല, ഉന്നതതല ചർച്ചകളിലൂടെ റഷ്യയും യുക്രെയ്നുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുമെന്നാണ്. അതിനാവശ്യമായ എല്ലാ സഹകരണവും യു.എസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സുള്ളിവാൻ പറഞ്ഞു.