ദോഹ. ആരോഗ്യകരമായ ജീവിതത്തിന് സ്ഥിരമായ കായിക പരിശീലനം അനിവാര്യമാണെന്നും ഓരോരുത്തരും അവനവന് സാധിക്കുന്ന കായിക പരിപാടികളിൽ സംബന്ധിക്കണമെന്നാണ് ഖത്തർ ദേശീയ കായിക ദിനം ഓർമിപ്പിക്കുന്നതെന്നും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ടുമായ ഡോ. മോഹൻ തോമസ് അഭിപ്രായപ്പെട്ടു. കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പർസ്യൂട്ട് ഓഫ് സ്പോർട്സ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത ശൈലി രോഗങ്ങൾ മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തുന്ന ആധുനിക ലോകത്ത് കായിക വ്യായാമങ്ങളുടെ പ്രസക്തിയേറി വരികയാണ് . എല്ലാ പ്രായത്തിൽപെട്ടവർക്കും കായിക പരിപാടികൾ അത്യാവശ്യമാണ് . ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഖത്തർ നൽകുന്ന പ്രാധാന്യമാണ് ദേശീയ കായിക ദിനം അടയാളപ്പെടുത്തുന്നത്. സ്വദേശികളേയും വിദേശികളേയും കായിക വ്യായാമങ്ങളിലേക്കും ആരോഗ്യ സംരക്ഷണ പരിപാടികളിലേക്കും ക്ഷണിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ കഴിഞ്ഞ പത്ത് വർഷമായി ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കുന്നുണ്ട്.

സ്പോർട്സ് ഈസ് ലൈഫ് എന്ന ഈ വർഷത്തെ കായിക ദിന മുദ്രാവാക്യവും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരികാരോഗ്യത്തിന്റെ അഭാവത്തിൽ മനുഷ്യൻ നേടുന്ന ഒന്നും അവന് ശരിയായി പ്രയോജനപ്പെടുത്താനോ ആസ്വദിക്കുവാനോ കഴിയില്ല. അതിനാൽ ജീവിതശൈലിയിൽ അടിയന്തിരമായ മാറ്റങ്ങൾ വരുത്തി കായിക പരിശീലനം ആരംഭിക്കുവാനുള്ള ഉദ്ബോധനമാണ് ദേശീയ കായിക ദിനമെന്ന് അദ്ദേഹം പറഞ്ഞു.

കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്പോർട്സ് സെന്റർ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിർള പബ്ളിക് സ്‌കൂളിലും ഏഷ്യൻ ടൗണിലുമാണ് പരിപാടികൾ നടക്കുക. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണിശമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് പരിപാടികൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ സംരംഭകനും ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാനുമായ ഡോ. മുഹമ്മദുണ്ണി ഒളകര പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സ്പോർട്സും ഗെയിംസുമൊക്കെ കളികളായാണ് സമൂഹം പരിഗണിക്കാറുള്ളത്. കളിയിലാണ് കാര്യം എന്ന പ്രധാനപ്പെട്ട ആശയമാണ് ഈ വർഷത്തെ കായികദിന സന്ദേശം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കളിയും കാര്യവും കോർത്തിണക്കി ജീവിതം ആരോഗ്യകരവും സന്തോഷകരവുമാക്കി മാറ്റുവാനുള്ള ആഹ്വാനമാണ് ഓരോ കായിക ദിനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ ചടങ്ങിൽ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.

മീഡിയ പ്ളസ് സി.ഇ. ഒ.യും ദ പർസ്യൂട്ട് ഓഫ് സ്പോർട്സിന്റെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മീഡിയ പ്ളസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ നന്ദിയും പറഞ്ഞു.