കാനഡയിൽ ജനിച്ച മലയാളിയായ മാനുവൽ മാത്യൂ എന്ന 35 വയസ്സുള്ള ചിത്രകാരന് വാഹനമിടിച്ച് പരിക്കേറ്റത് 2015 നവംബറിലായിരുന്നു. ലണ്ടനിലെ ഗോളേഡ്സ്മിത്ത് കോളേജിൽ ആർട്ട് മാസ്റ്റേഴ്സ് കോഴ്സിന് പഠിക്കുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. മോഷ്ടിച്ചെടുത്ത ഒരു മോപ്പെഡായിരുന്നു ഇയാളെ ഇടിച്ചത്.

ഇതേ തുടർന്നുണ്ടായ പരിക്കുകൾ കാരണം തനിക്ക് വളരെ സാവധാനം മാത്രമേ ഇപ്പോൾ ചിത്രരചന നടത്താൻ കഴിയുന്നുള്ളു എന്നും അതുകാരണം ഓരോ വർഷവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള 14 മാസ്റ്റർ പീസുകൾ സൃഷ്ടിക്കാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനുവൽ മാത്യൂ നഷ്ടപരിഹാരത്തിന് കേസുകൊടുത്തിരിക്കുന്നത്.

ആനുകാലിക ചിത്രകല രംഗത്ത് ഫ്രാൻസിസ് ബേക്കണുമായി വരെ താരതമ്യം ചെയ്തിരുന്ന ചിത്രങ്ങൾ വരച്ച മാനുവൽ മാത്യൂവിന് അപകടത്തിൽ തലച്ചോറിന്റെ ഇടതുഭാഗത്തായിരുന്നു ക്ഷതമേറ്റിരുന്നത്. എന്നാൽ, പരിക്കുകൾ ഭേദമായി അദ്ദേഹം ചിത്രരചനയിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ, പഴയതുപോലെ വേഗത്തിൽ ചിത്രരചനനടത്താൻ കഴിയാത്തതിനാലുണ്ടാകുന്ന വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് അപകടമുണ്ടാക്കിയ ടോണി ഹിൻഡ്സ് എന്ന ബ്രിട്ടീഷുകാരനും ഇൻഷുറൻസ് കമ്പനിയായ അവൈവയ്ക്കും എതിരെ കേസ് നൽക്കിയിരിക്കുന്നത്.

സ്ഥിരമായ ശരീര ക്ഷീണവും തലവേദനയും ഒക്കെ കാരണം തനിക്ക് പണ്ടേപോലെ വേഗത്തിൽ ചിത്രങ്ങൾ വരയ്ക്കാൻ കഴിയുന്നില്ലെന്നും അല്ലെങ്കിൽ എല്ലാ വർഷവും 14 ചിത്രങ്ങൾ കൂടുതൽ വരച്ച് താൻ ലക്ഷക്കണക്കിന് ഡോളർ അധികവരുമാനം നേടുമായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. മാത്രമല്ല, മസ്തിഷ്‌ക്കത്തിൽ ഏറ്റ ക്ഷതം ഒരു പക്ഷെ ദീർഘകാലാടിസ്ഥാനത്തിൽ മറവിരോഗത്തിന് കാരണമായേക്കും എന്നും അത് ഭാവിയിൽ തന്റെ ചിത്രം വരയ്ക്കുന്ന കഴിവിനെ ഇല്ലാതെയാക്കിയേക്കുമെന്നും മാനുവൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം അതിശയോക്തി കലർന്നതും അവിശ്വസനീയമായ വാദങ്ങളുമാണ് മാനുവൽ നിരത്തുന്നതെന്നായിരുന്നു അവൈവയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. സത്യത്തിൽ ഈ അപകടം തന്റെ തൊശിൽ മേഖലയിൽ അനുകൂലമായ ഒരു സ്വാധീനം ചെലുത്തി എന്ന് ഇയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞകാര്യവും അഭിഭാഷകൻ കോടതിയെ ഓർമ്മിപ്പിച്ചു. മാത്രമല്ല, മാനുവൽ വരച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ഈവന്റുകളിൽ വിറ്റഴിയാറില്ലെന്നും ഇൻഷുറൻസ് കമ്പനിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതുകൊണ്ടുതന്നെ വർഷത്തിൽ കൂടുതൽ ചിത്രങ്ങൾ വരച്ച് വിൽക്കമെന്നത് തികച്ചും അവിശ്വസനീയമായ വാദമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഇത്രയും വലീയൊരു തുകയ്ക്ക് അവകാശം ഉന്നയിക്കുമ്പോൾ, അപകടം മൂലം തനിക്ക് തകരാറുകൾ ഉണ്ടായി എന്ന് തെളിയിക്കുന്ന ഒരു രേഖയും മാനുവൽ മാത്യൂ ഹാജരാക്കിയിട്ടില്ല എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അപകടം ഉണ്ടായത് സത്യമാണെങ്കിലും അതിൽ നിന്നും രക്ഷപ്പെട്ട് പൂർണ്ണ ആരോഗ്യവനായിരിക്കുകയാണ് മാനുവൽ മാത്യൂ എന്ന് ബാരിസ്റ്റർ പറഞ്ഞു.