- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർസീസ് സിറ്റിസൺ കാർഡുള്ള എല്ലാ വിദ്യാർത്ഥികളെയും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുല്യമായി പരിഗണിക്കണമെന്ന് വിധി; മദ്രാസ് ഐഐടിക്കുള്ള ഈ നിർദ്ദേശം വിവേചനം ഇല്ലാതാക്കും; സുപ്രീംകോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ
പ്രവാസികളെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മദ്രാസ് ഐ ഐ ടിയുടെ കേസിലാണ് ഈ വിധി വന്നിരിക്കുന്നത്. സ്ഥാപനത്തിലെ ഫീസിന്റെ കാര്യത്തിൽ ഓവർസീസ് സിറ്റിസൺ കാർഡുള്ള (ഒ സി ഐ) വിദ്യാർത്ഥികളെയും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുല്യമായി പരിഗണിക്കണം എന്നാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയബെഞ്ചായിരുന്നു ഈ വിധി പ്രസ്താവിച്ചത്.
നേരത്തേ 2021 ഒക്ടോബർ 27 ന് ഇത്തരത്തിൽ ഓ സി ഐ വിദ്യാർത്ഥിക്ക് നീറ്റ് പരീക്ഷയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുല്യമായ പരിഗണന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവും വന്നിരിക്കുന്നത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ടശേഷം, 2021 ഒക്ടോബർ 27 ലെ ഓർഡർ പ്രകാരം ഫീസിന്റെ കാര്യത്തിലും ഒ സി ഐ വിദ്യാർത്ഥികളെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുല്യമയി പരിഗണിക്കണം എന്നാണ് കോടതി ഉത്തരവിട്ടത്.
പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അനിതഷേണായ്, ഐ ഐ ടി ഈ വിദ്യാർത്ഥികളിൽ നിന്നും വിദേശ വിദ്യാർത്ഥികൾ നൽകേണ്ട ഫീസാണ് ആവശ്യപ്പെടുന്നത് എന്ന് കോടതിയെ ധരിപ്പിച്ചു. കഴിഞ്ഞ 12 വർഷക്കാലമായി ഒ സി ഐ വിദ്യാർത്ഥികൾ ഇന്ത്യൻ വിദ്യാർത്ഥികളുടേതിനു സമാനമായ ഫീസ് നൽകിയാണ് പഠിച്ചിരുന്നതെന്നും 2021-ൽ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇത് വർദ്ധിപ്പിച്ച് വിദേശ വിദ്യാർത്ഥികളുടെ ഫീസിന് തുല്യമാക്കുകയായിരുന്നു എന്നും അവർ കോടതിയിൽ ബോധിപ്പിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവായതിനാൽ ഇത് രാജ്യം മുഴുവനും ബാധകമാണ്. ഇനി ഒ സി ഐകാർഡുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും അധിക ഫീസ് ഈടാക്കാൻ കഴിയില്ല. മലയാളികൾ ഉൾപ്പടെ വിദേശ പൗരത്വം ഉള്ള നിരവധിപേർക്ക് അനുഗ്രഹമാണ് ഈ കോടതിവിധി. ഇത് ഐ ഐ ടിയിൽ മാത്രമായി ഒതുങ്ങുകയില്ല. മാത്രമല്ല, ഒ സി ഐ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടേതിനു തുല്യമായ പരിഗണന ഇനിമുതൽ വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ഘട്ടങ്ങളിലും ലഭ്യമാകും എന്നു തന്നെയണ് ഈ കോടതി വിധി ഉറപ്പിച്ചിരിക്കുന്നത്.
നേരത്തേ നീറ്റ് പരീക്ഷയുടെ കൗൺസിലിംഗിൽ ഒ സി ഐ വിദ്യാർത്ഥിക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന അതേ പരിഗണന നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ ഫീസിന്റെ കാര്യത്തിലും അത് വന്നിരിക്കുന്നു. അതോടെ ഇനി പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിൽ വിദ്യാഭ്യാസം നടത്താൻ കൂടുതൽ എളുപ്പമായി എന്നു മാത്രമല്ല, കൂടുതൽ അവസരങ്ങളും വന്നുചേരും.
മറുനാടന് മലയാളി ബ്യൂറോ