സ്റ്റാഫ് അനുപാതം, ശമ്പളം, ജോലി സാഹചര്യം എന്നിവയെക്കുറിച്ചുള്ള മാനേജ്‌മെന്റുകളുമായി തർക്കം മുറുകിയതോടെ ന്യൂ സൗത്ത് വെയിൽസിലെ നഴ്സുമാർ ഒരു ദശാബ്ദത്തിനിടെ ആദ്യമായി വലിയ തോതിലുള്ള സമരം നടത്താൻ വോട്ട് ചെയ്തിരിക്കുകയാണ്.

നഴ്സസ് ആൻഡ് മിഡ്വൈവ്സ് അസോസിയേഷൻ നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം പേരും വ്യാവസായിക നടപടിയെ പിന്തുണച്ചതോടെ ഫെബ്രുവരി 15-ന് സംസ്ഥാനത്തെ തിരക്കേറിയ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാർ ജോലിയിൽ നിന്നും മാറിനില്ക്കുമെന്ന് ഉറപ്പായി.

കോവിഡ് കൂടുതൽ നിർണായകമാക്കിയ ജീവനക്കാരുടെ കുറവുള്ള കഠിനമായ സാഹചര്യങ്ങളിലൂടെ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്ത നഴ്സുമാർ കനത്ത സമ്മർദ്ദത്തിലാണെന്നാണ് വിലയിരുത്തൽ. പരിചരണത്തിലുള്ള രോഗികളെ നോക്കാൻ ഓരോ ഷിഫ്റ്റിലും മതിയായ നഴ്സുമാരും മിഡ്വൈഫുമാരും ഉള്ള ഒരു ആരോഗ്യ സംവിധാനം ആവശ്യമാണെന്നാണ് ഇവർ പറയുന്നത്.

റോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റലിലെ നഴ്സുമാരും മിഡ്വൈഫുമാരും 24 മണിക്കൂർ വരെയും വെസ്റ്റ്മീഡ് ഹോസ്പിറ്റലിൽ 12 മണിക്കൂർ വരെയും ലിവർപൂൾ, ബ്ലാക്ക്ടൗൺ ഹോസ്പിറ്റലുകളിൽ എട്ട് മണിക്കൂർ വരെയും പണിമുടക്ക് ബാധിച്ചേക്കും.