ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്തേക്ക് വിദേശികളെ സ്വീകരിക്കാൻ മലേഷ്യയും തയ്യാറെടുക്കുന്നു. മാർച്ച് 1 ന് തന്നെ രാജ്യാതിർത്തികൾ അന്താരാഷ്ട്ര സന്ദർശകർക്കായി വീണ്ടും തുറക്കാൻ മലേഷ്യയുടെ സർക്കാർ ഉപദേശക സമിതി സമ്മതിച്ചു. മലേഷ്യയിൽ പ്രവേശിക്കുന്ന യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പും എത്തിച്ചേരുമ്പോഴും കോവിഡ് -19 പരിശോധന നടത്തിയാൽ മതിയാകുമെന്നാണ് ഉത്തരവ്.

ഇതോടെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലാതെ മാർച്ച് 1 ന് തന്നെ രാജ്യത്തിന്റെ അതിർത്തികൾ പൂർണ്ണമായും തുറക്കുമെന്ന് നാഷണൽ റിക്കവറി കൗൺസിലും അറിയിച്ചു.എന്നിരുന്നാലും, ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം രാജ്യത്ത് പ്രവേശിക്കുന്നവർ രാജ്യത്ത് എത്തുന്നതിന് മുമ്പും ശേഷവും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനവും പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ട്, മുതിർന്നവരിൽ 53 ശതമാനത്തിലധികം പേർക്ക് ബൂസ്റ്റർ ഷോട്ടുകൾ ലഭിച്ചിട്ടുണ്ട്.2020 മാർച്ചിൽ ആദ്യത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം മലേഷ്യയുടെ അതിർത്തികൾ മിക്കവാറും അടച്ചിട്ടിരിക്കുകയാണ്. പൗരന്മാർക്കും വിദ്യാർത്ഥികൾക്കും സ്ഥിര താമസക്കാർക്കും ബിസിനസുകാർക്കും ഒഴികെ മറ്റാർക്കും പ്രവേശനാനുമതി നല്കിയിരുന്നില്ല.