കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും അനുയോജ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡബ്ലിനിലെ ഫീനിക്‌സ് പാർക്കിൽ ഈ മാസം അവസാനം മുതൽ 30 കി.മീ/മണിക്കൂർ വേഗപരിധി നിലവിൽ വരും. ഫെബ്രുവരി 28 മുതൽ പരമാവധി അനുവദനീയ വേഗം മണിക്കൂറിൽ 30 കി.മീ ആയിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നിലവിൽ 50 കി.മീ ആണ് പ്രദേശത്തെ പരമാവധി വേഗം.

ഒപ്പം മറ്റ് രണ്ട് നിർദ്ദേശങ്ങളും 9 മാസത്തെ പരീക്ഷണ പദ്ധതിയായി നടപ്പിലാക്കും. Upper Glen Road-ന്റെ അവസാനം ഗതാഗതം നിർത്തലാക്കുക, North Road വൺ വേ ആക്കുക എന്നിവയാണ് ഈ നിർദ്ദേശങ്ങൾ. അതേസമയം ഈ പ്രദേശത്തെ സ്ഥാപനങ്ങളിൽ എത്താൻ ഈ നിയന്ത്രണങ്ങൾ തടസമാകില്ല.

സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന വിധത്തിൽ 8 കി.മീ ദൂരത്തിൽ ലെയിൻ സെപ്പറേറ്ററുകൾ സ്ഥാപിക്കുക, പുതിയ ഡിവൈഡറുകൾ സ്ഥാപിക്കുക എന്നിവയും ഇവിടെ നടപ്പിലാക്കും. നിലവിൽ 40 പുതിയ ബൈക്ക് സ്റ്റാൻഡുകൾ നിർമ്മിച്ചതായും, വരും മാസങ്ങളിൽ 70 എണ്ണം കൂടി നിർമ്മിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

25 കിലോമീറ്ററിലേറെ നീളമേറിയതാണ് ഫീനിക്സ് പാർക്കിന് സമീപത്തെ റോഡ്. ഇതിൽ 17 കി.മീ സൈക്കിൾ ലെയിനും, 27 കി.മീ നടപ്പാതയും ഉൾപ്പെടുന്നു.പ്രദേശത്ത് നവീകരണജോലികൾ നടത്തേണ്ടതിനാൽ ഫെബ്രുവരി അവസാനവാരം ഇവിടെ ഗതാഗതനിയന്ത്രണങ്ങളുണ്ടാകും.

ഏഴുവർഷത്തെ ഗതാഗത പുനഃസംഘടനയുടെ ആദ്യഘട്ടമാണ് മാസാവസാനം പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ.