- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയും ലച്ചയും ലഹങ്കയും ചുരീദാറും അണിഞ്ഞ് അതിഥികൾ; പരമ്പരാഗത വേഷത്തിൽ തിളങ്ങി പ്രീതി പട്ടേൽ; എല്ലാവരോടും കുശലം പറഞ്ഞ് ചാൾസും കാമിലയും; ബ്രിട്ടനിലെ വി ഐ പി ഏഷ്യാക്കാരുടെ സമ്മേളനത്തിൽ സംഭവിച്ചത്
ചാൾസ് രാജകുമാരൻ രാജാവായി അധികാരം ഏൽക്കുന്നതോടെ കാമിലയ്ക്ക് രാജ്ഞി പട്ടം ലഭിക്കുമെന്ന എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപനം വന്നതിനു ശേഷം ഇതാദ്യമായി ചാൾസും കാമിലയും ഒരുമിച്ച് ഒരു പൊതുചടങ്ങിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ പരിപാടിയിൽ ആയിരുന്നു. ഇത്. ചാൾസ് എന്നും കാമിലയെ വിളിക്കാറുള്ള ''എന്റെ പ്രിയപ്പെട്ടവൾ'' എന്നർത്ഥം വരുന്ന ''മെഹബൂബ'' എന്ന വാക്ക് ഉപയോഗിച്ചു തന്നെയായിരുന്നു പ്രസംഗമദ്ധ്യേ ചാൾസ് കാമിലയെ പരാമർശിച്ചത്.
ചാൻസലർ ഋഷി സുനാക്, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് തുടങ്ങിയ പ്രമുഖന്മാർ അടങ്ങിയ സദസിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടയിലാണ് ചാൾസ് ഈ പരാമർശം നടത്തിയത്. ഞാനും എന്റെ മെഹബൂബയും ഏഷ്യൻ ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുത്തിട്ട് രണ്ടു വർഷമാകുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ലോകം മുഴുവൻ നിശ്ചലമാവുകയായിരുന്നു എന്നും ചാൾസ് ഓർമ്മിപ്പിച്ചു.
തെക്കൻ ഏഷ്യയിൽ വ്യാപകമായുള്ള ദാരിദ്ര്യം, അനീതി അസമത്വം എന്നിവ ചെറുക്കുന്നതിനായി 2007-ൽ ആയിരുന്നു ചാൾസ് രാജകുമാരൻ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് രൂപീകരിച്ചത്. ആതിഥേയരുടെ റോളിലെത്തിയ ചാൾസും കാമിലയും ചേർന്ന് പ്രവേശനകവാടത്തിൽ വെച്ചു തന്നെ ചാൻസലർ ഋഷിസുനാകിനെയും ഹോം സെക്രട്ടറി പ്രീതി പട്ടേലിനേയും എതിരേറ്റു. അതിഥികളുമായി അനൗപചാരിക സംഭാഷണത്തിൽ അവർ ഏർപ്പെടുകയും ചെയ്തു.
തികച്ചും പരമ്പരാഗതമായ ലെഹങ്ക ധരിച്ച് എത്തിയ പ്രീതി പട്ടേൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ഋഷി സുനാക് പാശ്ചാത്യ വസ്ത്രം ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിലും അദ്ദേഹത്തിന്റെ പത്നി അക്ഷതാ മൂർത്തി തികച്ചും പരമ്പരാഗത വേഷത്തിലാണ് എത്തിയത്. കാമിലയും ഇന്ത്യൻ വസ്ത്രധാരണ രീതിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
തുടർന്ന് സമ്മേളനത്തിൽ ട്രസ്റ്റിനെ പിന്തുണയ്ക്കുന്നവരെയും ട്രസ്റ്റിന്റെ അംബാസിഡർമാരേയും അഭിസംബോധന ചെയ്തുകൊണ്ട് ചാൾസ് സംസാരിച്ചു. കോവിഡ് എന്ന മഹാമാരി തെക്കൻ ഏഷ്യയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴവും പരപ്പും അദ്ദേഹം വിശദീകരിച്ചു. ഈ മഹാമാരി കാലത്തും നാല് വ്യത്യസ്ത ധനസമാഹരണ പരിപാടികളിലൂടെ 20 മില്യൺ പൗണ്ട് ശേഖരിക്കാൻ കഴിഞ്ഞത് തീർച്ചയായും ട്രസ്റ്റിന്റെ ഒരു വലിയ നേട്ടമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ