രു പതിറ്റാണ്ടൊളം നീണ്ടുനിന്ന പഠനത്തിന്റെ അവസാനം പഠന റിപ്പോർട്ടിൽ പറയുന്നത് ദിവസേന മൂന്ന് കപ്പ് കാപ്പികുടിച്ചാൽ ആയുസ്സ് വർദ്ധിക്കും എന്നാണ്. സ്ഥിരമായി കാപ്പികുടിക്കുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 5 ശതമാനം വരെ കുറവാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അതുപോലെ ഇവരിൽ മരണ സാദ്ധ്യത 12 ശതമാനം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ ഗുണം ലഭിക്കണമെങ്കിൽ, സാധാരണ കാപ്പി തന്നെ കുടിക്കണം. ഇൻസ്റ്റന്റ് കോഫി കുടിച്ചാൽ ഈ പ്രയോജനങ്ങൾ ഒന്നും തന്നെ ലഭിക്കില്ലെന്നും ഗവേഷകർ പറയുന്നു.

ഏകദേശം 5 ലക്ഷത്തോളം പേരിൽ നടത്തിയ പഠനത്തിൽ, 3 കപ്പിൽ അധികം കുടിക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നും തന്നെയുള്ളതായി കണ്ടെത്താനായിട്ടില്ല. ലോകത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലേയും ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി. എന്നാൽ, ഇത് കുടിക്കുന്നതുമായി മുൻപ് നടന്ന പഠനങ്ങളിലെല്ലാം ഇത് കുടിച്ചാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പരസ്പര വിരുദ്ധമായ ഫലങ്ങളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്.

കഫീനോടൊപ്പം ഇതിൽ ചില ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചില പഠനങ്ങൾ കാപ്പി കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു ചില പഠനങ്ങളിൽ ടൈപ്പ് 2 പ്രമേഹം, ഡെമെനീഷ്യ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കാപ്പി കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മറ്റു ചില പഠനങ്ങളിൽ സ്ഥിരമായി കാപ്പി കുടിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയും കാർഡിയോ വാസ്‌ക്കുലർ രോഗങ്ങൾക്കുള്ള സാധ്യതയും തുറന്നു കാണിച്ചിരുന്നു.

എന്നാൽ, ഹംഗറിയിലെ സെമ്മെൽവീസ് യൂണിവേഴ്സിറ്റിയിലേയും ലണ്ടനിലെ ക്യുൻ മേരി യൂണിവേഴ്സിറ്റിയിലേയും ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കാപ്പി കുടിക്കുന്നത് മൂലം രക്തസമ്മർദ്ദം വർദ്ധിക്കുകയില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഒരു പരിധിവരെ കാർഡിയോ വാസ്‌കുലാർ രോഗങ്ങളെ ചെറുക്കാനും ഇതിനാകുമെന്ന് കണ്ടെത്തി. ംതമായ അളവിലുള്ള കാപ്പിയുടെ ഉപയോഗം കാർഡിയോവാസ്‌കുലാർ രോഗങ്ങൾക്ക് കാരണമാകില്ലെന്നു മാത്രമല്ല, ഒരു പരിധി വരെ അതിനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പങ്കെടുത്ത ക്യുൻ മേരി യൂണീവേഴ്സിറ്റിയിലെ ഡോ. സ്റ്റെഫെൻ പീറ്റേഴ്സൺ പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവുമധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് കാർഡിയോവാസ്‌കുലാർ രോഗത്തെകുറിച്ച് നടത്തിയ ഗവേഷണമായിരുന്നു ഇത്. യു കെ ബയോബാങ്കിൽ നിന്നുള്ളവരായിരുന്നു ഈ പഠനത്തിൽ പങ്കെടുത്തത്. പഠന വിധേയമാക്കിയവരുടെ ശരാശരി പ്രായം 56 വയസ്സ് ആയിരുന്നു. മാത്രമല്ല, പഠനം ആരംഭിക്കുന്ന കാലത്ത് ഇവർക്ക് ആർക്കും തന്നെ ഏതെങ്കിലും വിധത്തിലുള്ള ഹൃദ്രോഗങ്ങൾ ഉണ്ടായിരുന്നുമില്ല.

ഇവരിൽ 22 പേർ കാപ്പി കുടിക്കാത്തവരായിരുന്നെങ്കിൽ 58 ശതമാനം പേർ കാപ്പി കുടിക്കുന്നവരായിരുന്നു. പ്രതിദിനം മൂന്ന് കപ്പി വരെ കുടിക്കുന്നവരായിരുന്നു ഇവർ. നീണ്ട 11 വർഷക്കാലം ഈ രണ്ട് ഗ്രൂപ്പുകളിലും ഉൾപ്പെടുന്നവരെ കൃത്യമായ ഇടവേളകളിൽ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം നടത്തിയത്.