- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയതല്ല, ഇത് പുതുപുത്തൻ വിന്റേജ് കാർ; രാജകീയ പ്രൗഡിയോടെ പാഴായിയുടെ നാട്ടിടവഴികളിലൂടെ സഞ്ചരിച്ച് ജഗദീഷിന്റെ വിന്റേജ് കാർ: രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ഈ കാറിന്റെ ചെലവ് വെറും 85,000 രൂപ
ഒരു കാലത്ത് രാജകീയ പ്രൗഡിയുമായി നമ്മുടെ നിരത്തുകൾ കീഴടക്കിയവയാണ് വിന്റേജ് കാറുകൾ. എന്നാൽ ഇന്ന് അങ്ങനെ ഒന്ന് ഒരു കമ്പനിക്കും ഇല്ല. കുറഞ്ഞത് 50 വർഷം പഴക്കമുള്ള കാറുകളാണ് വിന്റേജിന്റെ ഗണത്തിൽ വരുന്നത്. എന്നാൽ പുതുക്കാട് പാഴായിയിയുട റോഡുകളിലൂടെ ഒരു പുതുപുത്തൻ വിന്റേജ് കാർ പറന്നു നടക്കുന്നുണ്ട്. തലയെടുപ്പോടെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഈ കാർ നാട്ടുകാർക്ക് അദ്ഭുതമാണ്.
പുതുക്കാട് പാഴായി സ്വദേശി ജഗദീഷ്(35) സ്വന്തമായി നിർമ്മിച്ചതാണ് ഈ കാർ. പഴയ കാറിന്റെ മാതൃകയിൽ പുതുപുത്തൻ രീതിയിൽ ജഗദീഷ് ഉണ്ടാക്കിയതാണ് ഈ കാർ. ജഗദീഷ് സ്വന്തമായി നിർമ്മിച്ച ഈ കാറിന്റെ ചെലവ് വെറും 85,000 രൂപ മാത്രമാണ്. രണ്ടു പേർക്കിരിക്കാവുന്ന കാർ പെട്രോളിലാണ് ഓടുന്നത്. മെറ്റൽ ചേയ്സിസും ഇരുമ്പ് ബോർഡിയും നാല് ഗിയറും സെൽഫ് സ്റ്റാർട്ടിങ്ങുമുള്ള കാറിന് അഞ്ച് ലിറ്റർ ഇന്ധന ടാങ്കുമാണുള്ളത്.
മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ജഗദീഷ് കശ്മീരിൽ ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കീഴിൽ ഏവിയേഷൻ മെയ്ന്റനൻസ് സ്റ്റാഫായിരുന്നു. രണ്ടു മാസത്തോളമായി ഓസ്ട്രേലിയയിൽ എയർനോട്ടിക്ക് എഞ്ചിനീയറിങ്ങ് സ്റ്റാഫാണ്. കശ്മീരിലെ ജോലി വിട്ട് ഓസ്ട്രേലിയയിൽ പോകുന്നതിന് മുമ്പുള്ള ആറ് മാസത്തെ ഇടവേളയിലാണ് ജഗദീഷിന് വിന്റേജ് കാർ ഉണ്ടാക്കുകയെന്ന ആശയമുദിച്ചത്. പിന്നെ മടിച്ചില്ല. കാറിന്റെ പണിതുടങ്ങി. സ്വന്തം വീടിനോട് ചേർന്നുള്ള വർക്ക്ഷോപ്പിലായിരുന്നു പണി.
ഡോഡ്ജ്, റോൾസ് റോയ്സ്, ഫോർഡ് കമ്പനികളുടെ വിന്റേജ് കാറുകളായിരുന്നു താൻ കാർ നിർമ്മിക്കുമ്പോൾ മനസ്സിലുണ്ടായിരുന്നതെന്ന് ജഗദീഷ് പറയുന്നു. എന്നാൽ പ്രത്യേകം ഒരു മോഡൽ പകർത്താനായിരുന്നില്ല ജഗദീഷിന്റെ തീരുമാനം. അങ്ങനെ മൂന്നര മാസത്തെ പ്രയത്നത്തിൽ ഏതാണ്ട് 85000 രൂപ ചെലവിൽ പാഴായിയുടെ സ്വന്തം മോഡൽ വിന്റേജ് കാർ നിരത്തിലിറങ്ങി. നാട്ടിൽ സന്ദർശകർക്ക് കാഴ്ചയായി തലയുയർത്തിക്കിടപ്പുണ്ട് ജഗദീഷിന്റെ കാർ. ഭാര്യ സിതാര, മകൾ ജഗദ് ജനനി എന്നിവർ ജഗദീഷിനൊപ്പം ഓസ്ട്രേലിയയിലാണ്.
മറുനാടന് മലയാളി ബ്യൂറോ