- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ലഹരിയുടെ പിടിയിൽ അല്ല; രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തരുത് എന്നും മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലല്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയിൽ നിന്നും മാറി ചിന്തിക്കാൻ പ്രതിപക്ഷ കക്ഷികൾ തയാറാവണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് ചിലർ കുപ്രചരണങ്ങളിലേർപ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എക്‌സൈസ് നല്ല നിലയിലാണ് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വർഷം ജനുവരിയിൽ മാത്രം 1,540 അബ്കാരി കേസുകളിലായി 249 ലിറ്റർ ചാരായവും 4,106 ലിറ്റർ വിദേശമദ്യവും 1,069 ലിറ്റർ ഇതരസംസ്ഥാന വിദേശമദ്യവും 22,638 ലിറ്റർ വാഷും എക്‌സൈസ് വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.
1,257 പേരെയാണ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. എൻഡിപിഎസ് ആക്റ്റ് പ്രകാരം 367 കേസുകൾ രജിസ്റ്റർ ചെയ്തു. 291 കിലോഗ്രാം കഞ്ചാവ്, 17.4 കിലോഗ്രാം ഹാഷിഷ്, 615 ഗ്രാം എംഡിഎംഎ, 24 കഞ്ചാവ് ചെടികൾ, 156 ഗ്രാം നാർക്കോട്ടിക് ഗുളികകൾ മുതലായവ പിടിച്ചെടുക്കാൻ എക്‌സൈസ് വകുപ്പിന് സാധിച്ചു.
7535 കോട്പാ കേസുകളിലായി 4,554 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് 15,06,800 രൂപ പിഴ ചുമത്താനും കഴിഞ്ഞെന്ന് മന്ത്രി വിശദമാക്കി.
മറുനാടന് മലയാളി ബ്യൂറോ