വൈറ്റില: വൈറ്റിലയിൽ വഴിയരികിലൂടെ നടന്നുപോയ രണ്ട് യുവതികളെ കാറിടിച്ചു. ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം അംേബദ്കർ കോളനിയിൽ ബാബുവിന്റെ മകൾ സാന്ദ്ര ബാബുവാണ് (23) മരിച്ചത്. പാലക്കാട് കൊന്നൻചേരി ആയക്കാട് ചുങ്കത്തോടിയിൽ എം. അജിത്ര (24) ആണ് ഗുരുതര നിലയിൽ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സാന്ദ്രയും അജിത്രയും ബുധനാഴ്ച രാത്രി ഏഴരയോടെ ഭക്ഷണം വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ വൈറ്റില പവർഹൗസിനു സമീപത്തുവെച്ച് കാറിടിക്കുക ആയിരുന്നു.മറുഭാഗത്തുനിന്ന് യൂ ടേൺ എടുക്കുന്നതിനിടെയാണ് തമ്മനം സ്വദേശി ജോയുടെ കാർ ഇവരെ ഇടിച്ചത്. ഇതേ കാറിൽ തന്നെ സാന്ദ്രയെ വൈറ്റില വെൽകെയറിൽ എത്തിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തോടെ മരിച്ചു. അപകടം കണ്ട ലേക്ഷോർ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് അജിത്രയെ ഓട്ടോയിൽ ലേക്ഷോർ ആശുപത്രിയിലെത്തിച്ചത്. കൈകാലുകൾക്ക് ഒടിവും തലയ്ക്ക് പരിക്കുമുണ്ട്. സാന്ദ്രയെ ആശുപത്രിയിലെത്തിച്ച ശേഷം ജോ മരട് സ്റ്റേഷനിലെത്തി അപകട വിവരം അറിയിച്ചു.

വൈറ്റിലയിലുള്ള പിസാ ഹട്ടിലെ ജീവനക്കാരിയായിരുന്നു സാന്ദ്ര. കണ്ണാടിക്കാട് മെജോ മോട്ടോഴ്‌സിലെ ജീവനക്കാരിയാണ് അജിത്ര. ഇരുവരും പവർഹൗസ് സഹകരണ റോഡിലുള്ള ദീപം എന്ന വീടിന്റെ മുകൾനിലയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. സാന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അമ്മ: ലീലാമ്മ. സഹോദരങ്ങൾ: അരവിന്ദ്, ആദിത്യൻ. സംസ്‌കാരം വെള്ളിയാഴ്ച 11-ന് പാറത്തോട് പൊതു ശ്മശാനത്തിൽ.