ലണ്ടൻ: വളർത്തുപൂച്ചയോട് ക്രൂരമായ പെരുമാറിയ പ്രീമിയർ ലീഗ് ക്ലബ്ബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്‌ബോൾ താരം കുർട് സൗമ കൂടുതൽ കുരുക്കിലേക്ക്. തന്റെ വളർത്തുപൂച്ചയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും താരത്തിന്റെ ഫുട്‌ബോൾ കരിയർ തന്നെ ഭീഷണയിൽ ആക്കിയിരിക്കുകയാണ്. പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ സൗമ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫഡിനെതിരായ മത്സരത്തിൽ വെസ്റ്റ്ഹാം സൗമയെ കളത്തിലിറക്കിയിരുന്നില്ല. ഇനിയുള്ള മത്സരങ്ങളിലും അതേ തീരുമാനം തന്നെയാകും ടീമിന്റെ ഭാഗത്തു നിന്നുണ്ടാകുക. താനൊരു മൃഗസ്നേഹിയാണെന്നാണ് പരിശീലകൻ ഡേവിഡ് മോയസ് ഇതിനോട് പ്രതികരിച്ചത്. താരത്തിൽ നിന്ന് പരമാവധി തുക പിഴയീടാക്കിയതായി വെസ്റ്റ്ഹാം അറിയിച്ചു.

ഫ്രാൻസിലും സൗമ നടപടി നേരിടാനിരിക്കുകയാണ്. സൗമയുടെ പ്രവൃത്തി ഞെട്ടിച്ചെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രേറ്റ് പറഞ്ഞു. ഫ്രഞ്ച് ടീമിൽ മേലിൽ സൗമയെ ഉൾപ്പെടുത്തരുതെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സൗമയെ സ്‌പോൺസർ ചെയ്തിരുന്ന അഡിഡാസ് താരവുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി. ഫ്രഞ്ച് താരത്തിന്റെ ഔദ്യോഗിക കിറ്റ് സ്‌പോൺസറാണ് അഡിഡാസ്. അഡിഡാസ് കരാർ റദ്ദാക്കിയത് പിന്നാലെ താരത്തിന്റെ മറ്റൊരു സ്‌പോൺസർ ആയിരുന്ന ഇൻഷുറൻസ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ വൈറ്റാലിറ്റിയും സ്പോൺസർഷിപ്പ് പിൻവലിച്ചു. ഇതോടൊപ്പം താരത്തിനുണ്ടായിരുന്ന മറ്റ് ചില കരാറുകളും റദ്ദായതായാണ് വിവരം.

കരാറുകൾ റദ്ദാകുന്നതോടൊപ്പം താരത്തിന് തന്റെ ക്ലബിലെ സ്ഥാനവും നഷ്ടമാകുമെന്നാണ് സൂചനകൾ. പ്രീമിയർ ലീഗിലെ നിയമ നടപടിക്ക് പിന്നാലെ ദേശീയ ടീമിലും താരത്തിനെതിരെ നടപടിയുണ്ടായേക്കും.സൗമയുടെ പ്രവൃത്തി ഞെട്ടിച്ചെന്ന് ഫ്രഞ്ച് ഫുട്‌ബോൾ പ്രസിഡന്റ് പ്രസിഡന്റ് നോയൽ ലെ ഗ്രേറ്റ് പറഞ്ഞു. ഫ്രാൻസിന്റെ ദേശീയ ടീമിൽ സൗമയെ ഉൾപ്പെടുത്തരുതെന്ന മൃഗസ്‌നേഹികളുടെ ആവശ്യവും ശക്തമാണ്.

അതേസമയം, താരവുമായി കരാർ റദ്ദാക്കിയതിനെ കുറിച്ച് പ്രതികരിച്ച അഡിഡാസ് അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിന് ശേഷമാണ് കരാർ റദ്ദാക്കിയതെന്ന് അറിയിച്ചു. സൗമയ്ക്കെതിരെ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. താരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് ലക്ഷം പേരുടെ ഒപ്പിട്ട പരാതിയും ഓൺലൈനായി പൊലീസിന് ലഭിച്ചിട്ടുണ്ട്. താരത്തിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനകളു0 സജീവമായി രംഗത്തുണ്ട്. സംഭവം വിവാദമായതോടെ താരം മാപ്പുചോദിച്ചു രംഗത്തെത്തിയിരുന്നു. താരത്തിന്റെ രണ്ട് വളർത്തുപൂച്ചകളെയും യുകെയിലെ മൃഗസംരക്ഷണ കേന്ദ്രമായ RSPCA യിലേക്ക് മാറ്റിയിരുന്നു.