- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കോർപറേഷനിൽ രാഷ്ട്രീയ പോര് മുറുകുന്നു; ഡയാലിസസ് വിവാദത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ ടി.ഒ.മോഹനൻ
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഭരണ - പ്രതിപക്ഷങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പോര് മൂർച്ഛിക്കുന്നു. ആറ്റടപ്പ ഡയലിസിസ് സെന്ററുമായി ബന്ധപ്പെട്ട് സിപിഎമ്മും എൽ.ഡി.എഫും ജനങ്ങൾക്കിടയിൽ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് മേയർ അഡ്വ.ടി ഒ മോഹനനും ഡെപ്യൂട്ടി മേയർ കെ ഷബീനയും തിരിച്ചടിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ആറ്റടപ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ആർക്കും വിട്ടു കൊടുത്തിട്ടില്ല.റോട്ടറി ക്ലബ്ബിന്റെ സഹായം സ്വീകരിക്കാൻ മാത്രമാണ് കൗൺസിൽ തീരുമാനിച്ചത്. അവർ സഹായം വാഗ്ദാനം ചെയ്ത് കോർപറേഷനെ സമീപിക്കുകയായിരുന്നു.
സെന്ററിലെ ഡോക്ടർ, നഴ്‌സ്, ടെക്‌നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് ഉൾപ്പടെയുള്ള ജീവനക്കാർക്ക് വേതനമായി മാസം പ്രതി ഏതാണ്ട് നാലു ലക്ഷമാണ് ചെലവ് വരിക. ഇതു റോട്ടറി ക്ലബ് വഹിക്കും. അവരുടേത് ചാരിറ്റി സ്ഥാപനമാണ്. അല്ലാതെ ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള സംഘടനയല്ല.
കോർപ്പറേഷന് ഏറ്റെടുത്താൽ കോർപറേഷൻ പരിധിയിലുള്ള ബി.പി.എല്ലുകാർക്ക് പൂർണമായും സൗജന്യമായും മറ്റുള്ളവരിൽ നിന്ന് 400 രൂപയിൽ താഴെയും മാത്രമേ ഡയാലിസിസിന് ഈടാക്കൂകയുള്ളുവെന്ന് മേയർ പറഞ്ഞു.കോർപ്പറേഷന് കീഴിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയാണ് സെന്ററിന്റെ മേൽനോട്ടം വഹിക്കുക. കമ്മിറ്റിയിൽ എൽ.ഡി.എഫ് കൗൺസിലർമാരുമുണ്ട്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ക്കൊപ്പം റോട്ടറിയുടെ രണ്ട് പ്രതിനിധികൾ ഉണ്ടാവും.
ഇത്തരം കാര്യങ്ങളിൽ ചാരിറ്റി സംഘടനകൾ ആര് സഹായം വഗ്ദാനം ചെയ്താലും അത് സ്വീകരിക്കും. സഹായം സ്വീകരിക്കാമെന്ന് സർക്കാർ ഉത്തരവും ഉണ്ടെന്ന് മേയർ വ്യക്തമാക്കി.
സി പി എമ്മിന്റെ ലക്ഷ്യം കോർപ്പറേഷനെ സാമ്പത്തിക സമ്മർദത്തിലാക്കുക എന്നതാണ്. വരവിനേക്കാൾ കൂടുതൽ ചെലവാണ് ഇപ്പോൾ കോർപ്പറേഷനുള്ളത്. അതിനിടയിൽ മാസം നാലുലക്ഷം ചെലവുള്ള കാര്യം ഏറ്റെടുക്കുന്നത് മറ്റു വികസന പദ്ധതികളെ ബാധിക്കുമെന്നും മേയർ വെളിപ്പെടുത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് ബാബു എളായാവൂർ, സിയാദ് തങ്ങൾ, ശാഹിന മൊയ്തീൻ തുടങ്ങിയവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ