- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരീഷ് റാവത്തിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചന്നെ പരാതിയിൽ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. മാതൃകാപെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത്, ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
ബിജെപി വിശദീകരണം നൽകിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാക്കൾ ഹരീഷ് റാവത്തിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഹരീഷ് റാവത്ത് പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാളാണെന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്.
ഇതിനെതിരേ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് സംസ്ഥാന ബിജെപി ഘടകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയത്. ഫെബ്രുവരി മൂന്നിനാണ് കോൺഗ്രസ് നേതാവായ ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെയ്ക്കപ്പെട്ടത്. തുടർന്ന് ബിജെപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
വിദ്വേഷം പടർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പിന്നാലെ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം ആരാഞ്ഞു.
ന്യൂസ് ഡെസ്ക്