- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് 18 മുതൽ 25 വരെ; 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) 2022 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകളാണ് ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിലുള്ളത്. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ളിക്റ്റ് എന്ന പാക്കേജ് 26-ാമത് മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ബർമ്മ , കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


