- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറിൽ പുതഞ്ഞ ശരീരവുമായി ജീവന് വേണ്ടി കേണ് നായക്കുട്ടി; രക്ഷകരായി രഘുവും ഉദയനും
പന്തളം: ടാറിൽ പുതഞ്ഞ ശരീരവുമായി ജീവനു വേണ്ടി യാചിച്ച നായക്കുട്ടിക്ക് രക്ഷകരായത് മനുഷ്യത്വം അറിയുന്ന രഘുവും ഉദയനും. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുരമ്പാല-കീരുകുഴി റോഡരികിൽ ചാക്കിൽ പൊതിഞ്ഞ് കിടന്ന് എന്തോ അനങ്ങുന്നത് മുൻ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ചാക്ക് തുറന്നുനോക്കിയപ്പോഴാണ് കാലും കൈയും അനക്കാൻ പോലും ആവാത്ത നിലയിൽ ടാറിൽ ഒട്ടിപ്പിടിച്ച നായക്കുട്ടിയെ കണ്ടത്. ആരോ ചാക്കിൽ കൊണ്ടുവന്ന ഉപേക്ഷിച്ചതായിരുന്നു. രക്ഷപ്പെടുത്താൻ ഏറെ നേരം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഒന്നു രണ്ടു പേരോട് സഹായത്തിന് അപേക്ഷിച്ചെങ്കിലും ആരും എത്തിയില്ല. വീഡിയോ എടുക്കാനും ഫോട്ടോ പകർത്താനുമായിരുന്നു ആളുകൾക്ക് താത്പര്യം.
പെരുമ്പുളിക്കൽ ഒയാസിസ് ക്ലബ്ബിന്റെയും സ്നേഹിതർ കൂട്ടായ്മയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രഘു, നായ് പ്രേമി കൂടിയായ സുഹൃത്ത് ഉദയനെ വിളിച്ചു വരുത്തി. രണ്ടുപേരുംചേർന്ന് മൂന്നുമണിക്കൂർ പ്രയത്നിച്ച് മണ്ണെണ്ണ ഉപയോഗിച്ച് നായ്കുട്ടിയുടെ ദേഹത്തെ ടാർ അലിയിച്ച് മാറ്റി.
തൊലി പൊള്ളിത്തുടങ്ങിയതിനാൽ പൂർണമായി മാറ്റാനായില്ലെങ്കിലും നായ ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ചു. തൊലി അടർന്ന് ഭാഗത്ത് മരുന്ന് വെച്ച് ശുശ്രൂഷയും നൽകി. ഇതേ സ്ഥലത്ത് വണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് വീണ നായയെ കൊല്ലത്ത് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി രക്ഷപെടുത്തിയിരുന്നതും മൃഗസ്നേഹികൂടിയായ രഘുവിന്റെ നേതൃത്വത്തിലായിരുന്നു.