തിരുവനന്തപുരം: കണ്ണൂരിലെ ബോംബേറിന് പിന്നിൽ സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സംഭവം കേരളത്തിന്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ പറഞ്ഞത്: ''കണ്ണൂരിൽ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല ചെയ്ത സംഭവം കേരളത്തിന്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദ്ദാഹരണമാണ്. മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണ്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നിൽ. പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകൾ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞു.''

കണ്ണൂർ തോട്ടടയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു വിവാഹസംഘത്തിന് നേരെ ബോംബേറുണ്ടായത്. കണ്ണൂർ എച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേയ്ക്ക് പോകുംവഴി ഒരു സംഘം ജിഷ്ണുവിനും സംഘത്തിനും നേരെ ബോംബെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി വിവാഹ വീട്ടിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.