ഗുരുഗ്രാം: ഗുരുഗ്രാമിലെ പ്രസിദ്ധമായ റെസ്റ്റോറന്റിൽ വീൽച്ചെയർ കടത്തിവിടാൻ സാധിക്കില്ലെന്ന് കാണിച്ച് പ്രവേശനം നിഷേധിച്ചെന്ന് ഭിന്നശേഷിക്കാരിയായ യുവതി. ട്വിറ്റർ വഴിയായിരുന്നു സംഭവത്തിന് ഇരയായ സൃഷ്ടി ഇക്കാര്യം പുറത്തറിയിച്ചത്. സംഭവത്തിൽ നടപടികൾ സ്വീകരിക്കാൻ സൃഷ്ടിയുടെ വിലാസവും വിവരങ്ങളും ആവശ്യപ്പെട്ട് ഗുരുഗ്രാം പൊലീസും ട്വീറ്റ് ചെയ്തിട്ടുണ്ട്.

സുഹൃത്തുമായി റെസ്റ്റോറന്റിൽ എത്തിയ ഇവരെ ജീവനക്കാർ കടത്തിവിടാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കാരണം തിരക്കിയ ഇവരോട് ആദ്യം കാരണമെന്താണെന്ന് അറിയിച്ചിരുന്നില്ല. എന്നാൽ, വീൽച്ചെയർ ഉപയോഗിക്കുന്നതിലെ അസൗകര്യമൂലമായിരിക്കും കടത്തിവടാത്തതെന്ന് കരുതിയ ഇവർ അത് തങ്ങൾ നോക്കികോളാമെന്ന് അറിയിച്ചെങ്കിലും റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നാണ് ഇവർ മറുപടി നൽകിയതെന്ന് സൃഷ്ടി അറിയിച്ചു.

ഈ മറുപടി തങ്ങളെ ഞെട്ടിച്ചുകളഞ്ഞുവെന്ന് ഇവർ പറഞ്ഞു. പിന്നാലെ ഇവരോട് പുറത്ത് മേശ നൽകാമെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ കടുത്ത തണുപ്പുള്ള കാലാവസ്ഥ കാരണം ഇത് സാധ്യമല്ലെന്ന് സൃഷ്ടി പറഞ്ഞു.എന്നാൽ, സംഭവത്തെക്കുറിച്ച് താൻ വ്യക്തിപരമായി അന്വേഷിച്ച് വരികയാണ് എന്നായിരുന്നു ഉടമ ഗൗമതേഷ് സിംഗിന്റെ മറുപടി. സൃഷ്ടിയുടെ ട്വീറ്റിന് മറുപടി ട്വീറ്റ് നൽകിയ ഗൗതമേഷ് ക്ഷമ ചോദിച്ചു. തന്റെ സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാർ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ഇതിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ഇവർ അറിയിച്ചു.

ഹോട്ടലിനുള്ളിൽ ഡാൻസ് പാർട്ടി നടക്കുന്നതിനാലാണ് പുറത്ത് സീറ്റ് നൽകാമെന്ന് അറിയിച്ചതെന്ന് പിന്നീട് ജീവനക്കാർ അറിയിച്ചു. റെസ്റ്റോറന്റ് ഭിന്നശേഷി സൗഹൃദമാണോ എന്ന ചോദ്യത്തിന് ഇവിടെ പടികൾ ഒന്നും ഇല്ലെന്നായിരുന്നു മറുപടി.