കൊല്ലം: ഓരോ യുകെ മലയാളികളെയും നെഞ്ചു വിങ്ങി കരയിച്ചാണ് ജീവിതം തേടിയെത്തിയ ബിൻസ് രാജ്, അർച്ചന എന്നിവർ കഴിഞ്ഞ മാസം 17ന് പ്രിയപ്പെട്ടവരുടെ മനസിലെ വിങ്ങലായി മാറിയത്. ദുരന്തമുണ്ടായി ഒരു മാസത്തിനു നാലു ദിവസം അകലെ നിൽക്കെ ഇരുവരും പ്രിയപ്പെട്ടവരുടെ ഓർമ്മകളിലേക്കും യാത്രയായി. നാട്ടിലെത്തിച്ച ബിൻസ് രാജിന്റെ മൃതദേഹം വെള്ളിയാഴ്ച ഇടവകയിൽ അടക്കം ചെയ്തപ്പോൾ അപകടത്തിൽ മരിച്ച അർച്ചനയുടെ മൃതദേഹം ഇന്നലെയാണ് കൊല്ലം പോളയത്തോട് പൊതു ശ്മശാനത്തിൽ അഗ്‌നിനാളങ്ങൾ ഏറ്റെടുത്തത്.

ബിൻസിനൊപ്പം അപകടത്തിൽ പരുക്കേറ്റ ഭാര്യക്കും കുഞ്ഞിനും മൃതദേഹത്തെ അനുഗമിക്കാനോ അന്ത്യോപചാര ചടങ്ങിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല, കാരണം ഗുരുതരമായി പരുക്കേറ്റ ബിൻസിന്റെ കുഞ്ഞിന് നിലവിൽ വിമാനയാത്ര ചെയ്യാനാകില്ല എന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ യാത്ര ഒഴിവാക്കേണ്ടിവന്നത്. വെള്ളിയാഴ്ച ബന്ധുക്കൾ ഏറ്റെടുത്ത ബിൻസ് രാജിന്റെ മൃതദേഹം കോലഞ്ചേരിക്കടുത്ത കുന്നയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലാണ് മണ്ണിനൊപ്പം ചേർന്നത്.

കൊല്ലത്തെ പോളയത്തോടിന് സമീപമുള്ള അർച്ചനയുടെ അമ്മയും ഇളയ അനുജനും താമസിക്കുന്ന കൊച്ചു വാടക വീട്ടിലേക്കാണ് ഇന്നലെ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ എത്തിച്ചത്. ഈ കൊച്ചു വീട്ടിലേക്ക് എത്തിയ ലൂട്ടനിൽ താമസിച്ചിരുന്ന ജോസ് ഹെക്ടർ കണ്ടത് ഹൃദയഭേദകമായ കാഴ്ചകളാണ്. ലൂട്ടൻ മലയാളികൾക്കും ബ്രിട്ടീഷ് മലയാളിക്കും വേണ്ടി പുഷ്പചക്രം സമർപ്പിച്ച് ആദരവർപ്പിക്കാൻ എത്തിയ ജോസ് ഹെക്ടറിന് ആ വീട്ടിലെ ഓരോ കാഴ്ചയും കണ്ണ് നനയിക്കുന്നതായിരുന്നു.

സാധാരണ വിദേശത്ത് ഉണ്ടാകുന്ന ഒരപകട മരണത്തെ തുടർന്ന് മൃതദേഹം നാട്ടിൽ എത്തുമ്പോൾ ഉണ്ടാകുന്ന വലിയ ജനക്കൂട്ടം ഒന്നും ഒരു മുറ്റം പോലും ഇല്ലാത്ത ആ കൊച്ചു വീട്ടിൽ കാണാനായില്ല. ഇക്കാരണത്താൽ വീടിനോടും റോഡിനോടും ചേർന്ന ചെറിയൊരു ഇടത്താണ് മൃതദേഹം അടങ്ങിയ ശവപേടകം ആദരാഞ്ജലി അർപ്പിക്കാൻ ഇറക്കി വച്ചത്.

വീട്ടിലെത്തിയ ആർക്കും മൃതദേഹ പേടകം തുറന്നു കാണാൻ അവസരം ലഭിച്ചില്ല. കാലിൽ ഒന്നിലേറെ ശസ്ത്രക്രിയ കഴിഞ്ഞ നിർമൽ കസേരയിൽ കാൽ പൊക്കിവച്ചിരിക്കുന്നതും ഏവർക്കും നീറുന്ന കാഴ്ചയായി. നിർമ്മലിനൊപ്പം അമ്മയും മകന് സാന്ത്വനം പകരാൻ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ഒന്നുറക്കെ കരയാൻ പോലും ത്രാണിയില്ലാത്ത അർച്ചനയുടെ അമ്മയും തളർന്നിരിക്കുന്നത് നൊമ്പര കാഴ്ചയായി.

വെറും നാലു മാസം മുൻപ് ഭർത്താവിനെ നഷ്ടമായ ഒരു സ്ത്രീക്ക് ഏക ആശ്രയവും പ്രതീക്ഷയുമായി കരുതിയിരുന്ന മകൾ കൂടി ഇല്ലാതാകുന്നു എന്നതു ഒരിക്കലും മനസ്സിൽ പോലും ഉൾക്കൊള്ളാനാകുന്ന കാര്യവുമല്ല. മകൾ യുകെയിലേക്കു പഠിക്കാൻ പോയതോടെ കുടുംബം സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരും എന്ന സ്വപ്നമൊക്കെ ആ അമ്മ മനസ്സിൽ കരുതിയിരിക്കാമെങ്കിലും അതെല്ലാം ഒരു ദിവാസ്വപ്നം എന്ന നിലയിലാണ് നിശ്ചലയായി അർച്ചന ശവമഞ്ചലിൽ അമ്മയ്ക്ക് അവസാനമായി കാണാനായി എത്തിയത്.

ചേച്ചി എന്ന് തികച്ചു വിളിക്കാത്ത കുഞ്ഞനുജൻ അപകട മരണം അറിഞ്ഞ് അമ്മയ്ക്ക് തുണയാകാൻ ഗൾഫിലെ താത്കാലിക ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തുക ആയിരുന്നു. ഒരു പ്രതീക്ഷയായി അർച്ചനയുടെ സഹോദരൻ ഗൾഫ് ജീവിതം തേടി പോയിട്ടും അധിക കാലമായില്ല. സാധാരണക്കാരിലും സാധാരണക്കാരായ ഒരു കുടുംബത്തിനായി എന്തിനായിരിക്കാം ഈശ്വരൻ ഇത്രയും കടുത്ത ആഘാതം നൽകുന്നത് എന്നത് മാത്രമായിരുന്നു അർച്ചനയ്ക്കു അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ ഓരോ നിമിഷവും ചിന്തിച്ചിരിക്കുക.

ജീവിതത്തിൽ എന്നും കഷ്ടപ്പാടുകൾ മാത്രം അനുഭവിച്ചിരുന്ന അർച്ചനയുടെ അമ്മയോട് യുകെയിൽ മലയാളികൾ അപകടത്തെ തുടർന്ന് നൽകിയ സഹായ ധനത്തെ കുറിച്ച് സംസാരിച്ചപ്പോഴും എന്തുണ്ടെങ്കിലും മരുമകൻ നിർമ്മലുമായി ആലോചിച്ചു ചെയ്യുവാനാണ് അറിയിച്ചത്. എനിക്കിനി അവനല്ലാതെ ആരുണ്ട് എന്നാ 'അമ്മ മനമിടറി പറയുമ്പോൾ നെഞ്ചകം പൊള്ളുന്ന ചൂട് കേൾക്കുന്നവർക്കും അനുഭവിക്കാനാകും.

സ്വന്തമായി വീടില്ലാത്തതിനാൽ ജനപ്രതിനിധികൾ അടക്കം ഉള്ളവർ ചേർന്നാണ് പൊതു ശ്മശാനത്തിൽ അന്ത്യ ചടങ്ങുകൾ പൂർത്തിയാക്കാം എന്ന് തീരുമാനിച്ചത്. രണ്ടു നാൾ മുന്നേ കൊല്ലം എംഎൽഎ മുകേഷ് അർച്ചനയുടെ വീട്ടിലെത്തി അമ്മയ്ക്ക് സാന്ത്വനം പകർന്നിരുന്നു. ഇന്നലെ മൃതദേഹം എത്തിയപ്പോൾ ഇരവിപുരം എംഎൽഎ നൗഷാദ്, കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഉളിയക്കോവിൽ ഈസ്റ്റ് കൗൺസിലർ അമ്പിളി എന്നിവരൊക്കെ അർച്ചനയ്ക്ക് അന്ത്യാഞ്ജലി നേരാൻ എത്തിയിരുന്നു.

ഹൈന്ദവ ആചാര പ്രകാരം പോളയത്തോടു ശ്മശാനത്തിൽ അർച്ചനയുടെ മൃതദേഹം അഗ്‌നി നാളങ്ങൾ ഏറ്റെടുക്കുമ്പോൾ അർച്ചനയുടെ അമ്മയുടെയും സഹോദരന്റെയും ഭർത്താവ് നിർമ്മലിന്റെയും ഏങ്ങലടികൾ മാത്രമല്ല കാഴ്ചക്കാരായി എത്തിയവർക്കും നെഞ്ചു വിങ്ങി കരയാതിരിക്കാനായില്ല. കാരണം അത്രയും തീക്ഷ്ണമായ വേദനയോടെയാണ് ഏവരും ആ കാഴ്ചകൾക്ക് സാക്ഷികളായി അവിടെ നിന്നത്. ജീവിതത്തിൽ ഇങ്ങനെയൊരു മുഹൂർത്തത്തിന് സാക്ഷിയാകുക എന്നത് ആരും ആഗ്രഹിക്കാത്ത കാര്യം ആണെങ്കിലും ലൂട്ടനിൽ താമസിച്ചിരുന്നവർക്ക് അപകടം സംഭവിച്ചു എന്നറിഞ്ഞത് മുതൽ വീട്ടുകാരുമായും യുകെ മലയാളികൾ മുഖേനെയും വിവരങ്ങൾ അറിഞ്ഞു സാന്ത്വനം പകരാൻ ജോസ് ഹെക്ടറും ഒപ്പം ഉണ്ടായിരുന്നു.