കോളേജ് വിദ്യാർത്ഥികൾ നൽകുന്ന 3,000 യൂറോ വാർഷിക വിദ്യാർത്ഥി സംഭാവനാ ഫീസ് കുറയ്ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ആലോചിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് വെളിപ്പെടുത്തൽ നടത്തിയത് നിരവധി പേർക്കാണ് ആശ്വാസമാകുന്നത്.

ജീവിത ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോളേജ് ഫീസിൽ ഇളവ് ലഭിക്കുന്നത് രക്ഷിതാക്കൾക്ക് വലിയ കൈത്താങ്ങായിരിക്കുമെന്നാണ് വിലിയിരുത്തൽ.രണ്ട് കോളേജ് വിദ്യാർത്ഥികളുള്ള ഒരു വീട്ടിൽ നാല് വർഷം കൊണ്ട് 24,000 യൂറോ ഫീസായി അടയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി എടുത്തു പറഞ്ഞു.

രാജ്യത്ത് ജീവിതച്ചെലവ് ഉയർന്നതോടെ സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പൊതുഗതാഗത സർവ്വിസുകളിലെ നിരക്ക് കുറച്ചും, സ്‌കൂൾ ട്രാൻസ്‌പോർട്ട് ഫീസ് ഇളവ് വരുത്തിയും ഫ്യുവല് അലവൻസ് നല്കാനും അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോളേജ് ഫീസ് ഇളവ് നല്കുന്ന കാര്യവും മന്ത്രി വ്യക്തമാക്കിയത്.