ദുബൈ. ഫിഫ 2022 ഖത്തർ ലോകകപ്പ് തയ്യാറെടുപ്പുകളും ഖത്തറിന്റെ കായിക കുതിപ്പുകളും അടയാളപ്പെടുത്തി പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച 'ദ പർസ്യൂട്ട് ഓഫ് സ്പോർട്സ്' ദുബൈയിൽ പ്രകാശനം ചെയ്തു.

ദുബൈ റമദ ഹോട്ടലിൽ നടന്ന ചടങ്ങിൽ. കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും ലൈഫ് വേ ഗ്രൂപ്പ് സിഇഒയുമായ അൻസാർ കൊയിലാണ്ടി പ്രകാശനം ചെയ്തു. ലോകോത്തര സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളുമൊരുക്കിയാണ് ഫിഫ 2022 ലോകകപ്പ് കാൽപന്തുകളിയാരാധകരെ സ്വാഗതം ചെയ്യുവാൻ ഖത്തർ കാത്തിരിക്കുന്നതെന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ ഖത്തർ വേൾഡ്കപ്പ് ഫാൻ ലീഡറും ഫിഫ ഫാൻ മൂവ്മെന്റിലെ ഇന്ത്യൻ അമ്പാസിഡറുമായ ജാമിർ വലിയമണ്ണിൽ പറഞ്ഞു.

ഖത്തറിലെത്തി ഫിഫ ലോകകപ്പിനുള്ള സൗകര്യങ്ങൾ നേരിൽ കാണാൻ സാധിച്ചതിന്റെ അടിസ്ഥാനത്തിൽ അവിശ്വസനീയമായ ഒരുക്കങ്ങളാണ് ഖത്തർ നടത്തിയിരിക്കുന്നതെന്ന് പറയാൻ കഴിയുമെന്ന് ജാമിർ അഭിപ്രായപ്പെട്ടു. ഖത്തറിലെ സ്റ്റേഡിയങ്ങളും ലോകകപ്പിനുള്ള ഒരുക്കങ്ങളും സമയത്തിനു മുമ്പുതന്നെ പൂർത്തിയാക്കിയാണ് കോവിഡ് മഹാമാരിക്കാലത്തും ഫുട്ബോൾ ലോകത്തെ മാത്രമല്ല സംഘാടകരെയും ഫിഫയെയും ഞെട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ 2022 ഖത്തർ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫൊർ ഡെലിവറി & ലെഗസിയുടെ പ്രത്യേക ക്ഷണപ്രകാരം ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതായും ജാമിർ വലിയമണ്ണിൽ കൂട്ടിച്ചേർത്തു.

ഷാർജ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ജാസ്മിൻ സമീർ, ബെല്ലോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ബഷീർ, ന്യൂ മറീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷൗക്കത്ത് അലി കരിമ്പനക്കൽ, കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഷാജി പുഷ്പാംഗദൻ, യുവ സംരംഭകൻ നൗഷാദ് അണ്ടിക്കോട് എന്നിവർ സംബന്ധിച്ചു.

ഖത്തർ കായികദിനത്തോടനുബന്ധിച്ച് മീഡിയപ്ലസ് പ്രസിദ്ധീകരിച്ച 'ദ പർസ്യൂട്ട് ഓഫ് സ്പോർട്സ്' ഗൾഫ് മേഖലയിലെ കായികരംഗത്തും കലാസാംസ്‌കാരിക രംഗത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ സാംസ്‌കാരിക സംരംഭ മേഖലകളിലെ നിരവധി പ്രമുഖരാണ് ഇതിനകം പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും പുസ്തകത്തിന്റെ കോപ്പികൾ ലഭ്യമാക്കുമെന്ന് മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു.