ലഖ്‌നൗ: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ പുരോഗമിക്കവെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. ബിജെപി എംഎൽഎ രാഘവേന്ദ്ര സിങ്ങാണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീങ്ങൾ തൊപ്പിയിൽ നിന്ന് 'തിലക' കുറിയിലേക്ക് മാറുമെന്ന് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

താൻ വീണ്ടും എംഎൽഎ ആയാൽ തൊപ്പികൾ അപ്രത്യക്ഷമായതുപോലെ, അടുത്ത തവണ മുസ്ലിങ്ങൾ തിലകം ധരിക്കുമെന്ന് രാഘവേന്ദ്ര സിങ് വീഡിയോയിൽ പറയുന്നു. ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കൾ മണ്ഡലത്തിൽ മത്സരിക്കുന്നതെന്നും ദോമരിയഗഞ്ചിൽ ജനങ്ങൾ സലാം പറയുമോ അതോ ജയ് ശ്രീറാം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

കിഴക്കൻ യുപിയിലെ ഡൊമാരിയഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് രാഘവേന്ദ്ര സിങ്ങ്. തന്റെ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ 'ഇസ്ലാമിക ഭീകരത'യെ ചെറുക്കുന്നതിനുള്ള പ്രസംഗമായിരുന്നു താൻ നടത്തിയതെന്ന വിശദീകരണവുമായി രാഘവേന്ദ്ര സിങ് രംഗത്തെത്തി. ഇസ്ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താൻ ഉദ്ദേശിച്ചതെന്നായിരുന്നു രാഘവേന്ദ്രയുടെ വിശദീകരണം.

'ഉത്തർപ്രദേശിൽ ഇസ്ലാമിക ഭീകരർ ഉണ്ടായിരുന്നപ്പോൾ ഹിന്ദുക്കൾ ഗോൾ ടോപ്പിസ് (തലയോട്ടി തൊപ്പി) ധരിക്കാൻ നിർബന്ധിതരായിരുന്നു. ഇതാണ് ഞാൻ പറഞ്ഞത്. ഹിന്ദുക്കളുടെ അഭിമാനത്തിനായി എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. മുസ്ലിങ്ങൾ എന്നെ തോൽപ്പിക്കാൻ അവരെല്ലാം കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇതിനിനെതിരെ ഞാൻ മിണ്ടാതിരിക്കില്ല,' രാഘവേന്ദ്ര സിങ് പറഞ്ഞു.

ഹിന്ദു യുവവാഹിനിയുടെ യുപിയിലെ ചുമതലക്കാരനാണ് സിങ്. രാഘവേന്ദ്രയുടെ ഗുരുതരമായ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കേസെടുത്തതായി യുപി പൊലീസ് അറിയിച്ചു.

2017-ൽ ഡൊമാരിയഗഞ്ച് സീറ്റിൽ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിങ് വിജയിച്ചത്. യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡൊമരിയഗഞ്ചിൽ വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, മാർച്ച് ഏഴ് ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.