- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്ത ഗവർണറുടെ അഡിഷനൽ പഴ്‌സനൽ അസിസ്റ്റന്റ്; ഉത്തരവിറങ്ങി; 'ഇത്തരത്തിൽ നിയമനം ഉണ്ടായിട്ടില്ല'; നിയമനത്തിൽ സർക്കാരിന് അതൃപ്തി
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ നിയമിച്ച നടപടിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. അഡിഷനൽ പഴ്‌സനൽ അസിസ്റ്റന്റ് ആയാണ് നിയമനം. ഗവർണറുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. രാജ്ഭവന്റെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്.
അതൃപ്തി നിലനിൽക്കെ, ഗവർണറുടെ നിർദ്ദേശം അംഗീകരിച്ച് നിയമനത്തിന് അംഗീകാരം നൽകുകയാണെന്ന് കാട്ടി ഗവർണറുടെ സെക്രട്ടറിക്കു പൊതുഭരണ സെക്രട്ടറി കത്തു നൽകി.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പരമ്പരാഗത രീതികൾ പാലിക്കപ്പെടേണ്ടതാണ്. പക്ഷേ, ഗവർണർ നിയമനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് നിർദ്ദേശം സ്വീകരിക്കുന്നു. ഗവർണറുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാനാണ് കത്തെന്നും പൊതുഭരണ സെക്രട്ടറി വ്യക്തമാക്കി.
ഹരി എസ് കർത്തായുടെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചിരുന്നു. സർക്കാറും ഗവർണ്ണറും തമ്മിലുള്ള ഒത്ത് തീർപ്പിന്റെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമാണ് വിഡി സതീശൻ ഉന്നയിച്ചത്. രാജ്ഭവൻ ശുപാർശ നൽകിയാൽ തള്ളിക്കളയാൻ അധികാരമില്ലെന്ന വാദമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
നിയമനത്തിലെ പതിവ് തുടരുന്നതാവും ഉചിതം. ഗവർണ്ണർ താല്പര്യം അറിയിച്ചതുകൊണ്ടാണ് ഹരി എസ് കർത്തായെ നിയമിച്ചതെന്നും രാജ്ഭവന് നൽകിയ കത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഹരി എസ്.കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിച്ച് ഇന്നാണ് സർക്കാർ ഉത്തരവിറങ്ങിയത്. അഡി.പഴ്‌സനൽ അസിസ്റ്റന്റായാണ് നിയമനം.
ജനുവരി അവസാന വാരമാണു നിയമനവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടേറിയറ്റിലെത്തിയത്. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തു. കഴിഞ്ഞയാഴ്ചതന്നെ ഹരി എസ്.കർത്ത ഗവർണറുടെ ഓഫിസിലെത്തി സ്ഥാനം ഏറ്റെടുത്തു.
ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ്.കർത്ത, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ മാധ്യമവിഭാഗം മേധാവിയായിരുന്നു. 30 വർഷത്തിലധികമായി മാധ്യമരംഗത്ത് സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ