ബെംഗളുരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ പ്ലസ് വൺ, പ്ലസ് ടു, പിജി ഡിപ്ലോമ സ്ഥാപനങ്ങൾ, ഡിഗ്രി കോളേജുകൾ എന്നിവ ബുധനാഴ്ച തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കോളേജുകൾ തുറക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി അശ്വന്ത് നാരായൺ സി.എൻ., ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ശ്രീമന്ത് പാട്ടീൽ, റവന്യു മന്ത്രി ആർ.അശോക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

ഹിജാബ് വിഷയം നിലവിൽ വിശാല ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്. ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടാൻ നിർബന്ധിതരായിരുന്നു. ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന ഒരു കൂട്ടം മുസ്ലിം പെൺകുട്ടികളാണ് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.