പ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ വിറങ്ങലിച്ച് തലസ്ഥാന നഗരിയായ മസ്‌കത്തുൾപ്പെടെ വിവിധ ഗവർണേറ്റുകൾ. വിവിധ വിലായത്തുകളിലെ വാദികളിൽ വാഹനങ്ങളിലും മറ്റും കുടുങ്ങിയ 35 ലധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരും റോയൽ ഒമാൻ പൊലിസും ചേർന്ന് രക്ഷിച്ചു. മസ്‌കത്ത് ഗവർണറേറ്റിൽ മത്ര വിലായത്തിലെ ജിബ്രൂവിലെ വിദേശിയാണ് മരിച്ചത്.

റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. മത്ര സൂഖിൽ മലയാളികളടക്കമ്മുള്ള വ്യാപാര സ്ഥാപനങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. ഗൂബ്ര ഏരിയയിൽ വാദിയിൽ വാഹനത്തിനുള്ളിലും മറ്റും കുടുങ്ങിയ സ്വദേശികളെയും വിദേശിളെയും ഉൾപ്പെടെ അഞ്ചുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി രക്ഷിച്ചു.

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മത്രമേഖലയിലെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ മേഖലയിൽനിന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ മുപ്പതോളം പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതായി സിവിൽസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ ചൊവാഴ്ചയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.