വാഷിങ്ടൺ : ചൈനയിൽ നടക്കുന്ന 2022 വിന്റർ ഒളിംപിക്സിൽ ഒളിമ്പിക്സിൽ 500 മീറ്റർ സ്‌കേറ്റിംഗിൽ ഏറ്റവും വേഗതയേറിയ താരം അമേരിക്കയിൽ നിന്നുള്ള എറിൻ ജാക്‌സൺ ഗോൾഡ് മെഡൽ കരസ്ഥമാക്കി . ഫെബ്രു.12 ശനിയാഴ്ചയായിരുന്നു സ്‌കേറ്റിങ് ഫൈനൽ .

1994 ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ വനിത സ്‌കേറ്റിംഗിൽ ഗോൾഡ് മെഡലിന് അർഹയായത് . ഒരു കറുത്തവർഗക്കാരി എന്ന പ്രത്യേകത കൂടി ഈ മെഡലിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. 37.04 സെക്കന്റ് കൊണ്ടാണ് 500 മീറ്റർ സ്‌കേറ്റിങ് എറിൻ പൂർത്തീകരിച്ചത് .

29 വയസ്സുള്ള എറിൻ ആദ്യം ഇൻലൈൻ സ്‌കേറ്ററായിരുന്നുവെങ്കിലും 2017 ലാണ് ഐസ് സ്‌കേറ്റിംഗിലേക്ക് മാറിയത് . 2021 ൽ പോളണ്ടിൽ നടന്ന വേൾഡ് കപ്പ് മത്സരങ്ങളിൽ 500 മീറ്റർ സ്പീഡ് സ്‌കേറ്റിംഗിൽ വിജയിച്ചിരുന്നു . ഫ്ലോറിഡായിലായിരുന്നു ഇവരുടെ ജനനം . ഷോർസ് ക്രിസ്ത്യൻ അക്കാദമിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്ന് മെറ്റീരിയൽസ് സയൻസ് ആൻഡ് എഞ്ചിനീയറിങ് പ്രോഗ്രാമിൽ യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിൽ നിന്നും ബിരുദം നേടി .

2008-09 ജൂനിയർ വേൾഡ് ച്യമ്പ്യൻഷിപ്പിൽ 500 മീറ്റർ സ്‌കേറ്റിംഗിലും ഇവർ ഗോൾഡ് മെഡൽ നേടിയിരുന്നു . 2022 വിന്റർ ഒളിംപിക്സിൽ വെറും നാല് മാസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. റിനെ ഹിൽഡി ബ്രാൻഡായിരുന്നു ഇവരുടെ പരിശീലകൻ . ഏറിന്റെ ചരിത്രവിജയത്തിൽ അഭിമാനിക്കുന്നുവെന്ന് കോച്ച് ഹിൽഡി പറഞ്ഞു .