മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിസ്ട്രാർ, രജിസ്ട്രേഷനും മറ്റു ഇടപാടുകൾക്കും കൈക്കൂലി കൈപ്പറ്റുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഇന്നുവൈകീട്ട് 6.45നായിരുന്നു പരിശോധന.

പരിശോധനയിൽ സബ് രജിസ്ട്രാർ സാലിഹ്യുടെ കൈവശം അനധികൃതമായി സൂക്ഷിച്ച 28600 രൂപയും ഓഫീസ് അസിസ്റ്റന്റിന്റെ കൈവശമുള്ള 2490 രൂപയും കണ്ടെടുത്തു. രണ്ടു മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചും തുടർനടപടികൾക്കുമായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നു ഡിവൈഎസ്‌പി അറിയിച്ചു.

പരിശോധനയിൽ ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്‌പിയെ കൂടാതെ ലാൻഡ് അക്വിസേഷൻ സ്പെഷൽ തഹസിൽദാർ രഘുമണി, എസ്ഐമാരായ ശ്രീനിവാസൻ ,മോഹനകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രജിത്ത്, ശിഹാബ്, ശ്യാമ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.