തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല വ്യാഴാഴ്ച. നാളെ രാവിലെ 10.50-നാണ് പൊങ്കാലയുടെ ചടങ്ങായ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20-ന് പൊങ്കാലനിവേദ്യം. കഴിഞ്ഞ കൊല്ലത്തേതിനു സമാനമായി ഇക്കുറി ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ മാത്രമാണ് പൊങ്കാലയർപ്പിക്കുന്നത്. ഭക്തർക്ക് വീടുകളിൽ ഈ സമയം പൊങ്കാലയിടാം. ഭക്തർ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

കുംഭത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല. ശ്രീകോവിലിൽനിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിക്കു കൈമാറും.

ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും സഹമേൽശാന്തി അഗ്‌നിപകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. ഉച്ചയ്ക്ക് 1.20-ന് ക്ഷേത്രപൂജാരി പൊങ്കാല നിവേദിക്കും.

കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലന് രാത്രി 7.30-ന് ചൂരൽകുത്തും. രാത്രി 10.30-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിനുശേഷം 18-ന് രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45-ന് കാപ്പഴിക്കും. 19-ന് പുലർച്ചെ ഒന്നിന് കുരുതിതർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.