കൊച്ചി. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴൽ മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിൽ നാല് ഡി.വൈ.എസ്‌പി മാരുടെ കീഴിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുൾപ്പടെ 300 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.

ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് നിർവ്വഹിച്ചു. ക്ഷേത്രവും പരിസരവും, ബസ് സ്റ്റോപ്പുകൾ, ഭക്തരുടെ ക്യൂ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൾ നൂറോളം നിരീക്ഷണ ക്യമറകൾ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. മഫ്തിയിലും പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ആംബുലൻസ് ഉൾപ്പെടെ ഡോക്ടർമാരുടെ സേവനവും വകുപ്പുകളുടെ സേവനവും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. പോക്കറ്റടിക്കാരയും പിടിച്ചുപറിക്കാരെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരേയും മറ്റും നിരീക്ഷിക്കുന്നതിനായി മഫ്തി പൊലീസ് ഉൾപ്പെടുന്ന സ്‌ക്വാഡ് പട്രോളിങ് നടത്തുന്നുണ്ട്. 16 മുതൽ കടുഗംമംഗലം തുടങ്ങി ചോറ്റാനിക്കര വട്ടുക്കുന്ന് വരെയും ക്ഷേത്ര നഗരിയും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

ലോക്കലും ഇതരസംസ്ഥാനക്കാരുമായ മോഷ്ടാക്കളെയും മറ്റും, നീരീക്ഷിച്ച് ആളുകളുടെ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള പരിശോധനകളും നടത്തിവരുന്നുണ്ട്. ഭക്തജനങ്ങൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതും ഇടവിട്ട് സമയങ്ങളിലൽ കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. പനി മറ്റ് അസുഖങ്ങൾഉള്ള ഭക്ത ജനങ്ങൾ ദർശനം ഒഴിവാക്കേണ്ടതാണ്.

അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ഭക്തജനങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. ചോറ്റാനിക്കര ക്ഷേത്രംവഴി പോകേണ്ട വാഹനങ്ങൾ ബൈപാസ് വഴി പോകേണ്ടതും, ഭക്തജനങ്ങൾ വരുന്ന വാഹനങ്ങൾ ചോറ്റാനിക്കര ഗവ: ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ/വി.ഐ.പി വാഹനങ്ങൾ എന്നിവ വടക്കേ പുരപ്പറമ്പിലും പാർക്ക് ചെയ്യേണ്ടതും, തിരവാണിയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എംഎ‍ൽഎ റോഡ് വഴി പോകേണ്ടതുമാണ്.