പാം ഇന്റർനാഷണലിന്റെ (ഗ്ലോബൽ അലുമ്നി ഓഫ് എൻ എസ് എസ് പോളിടെക്‌നിക് , പന്തളം മഹാമാരി മൂലം മാറ്റി വച്ചിരുന്ന 2021 വർഷത്തെ സൗഹൃദ സംഗമം ചെറുതെങ്കിലും സമ്പന്നമായിട്ടു തന്നെ 2022 ഫെബ്രുവരി 14 തികളാഴ്ച പന്തളം എൻഎസ്എസ് പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കർമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിയറ്റിന്റെ ഓഫീസിൽ വച്ച് വളരെ ഭംഗിയായി നടന്നു.

അഞ്ചാ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ , 30 വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, കർമ്മ സേവാ അവാർഡുകൾ എന്നിവ നല്കിക്കൊണ്ട് പാം ഇന്റർനാഷണൽ എന്ന സംഘടന അതിന്റെ കർമ്മം ഒരിക്കൽക്കൂടി നടപ്പിലാക്കി.

മഹാമാന്ദ്യത്തിനു ശേഷം ഏറ്റവും അവിചാരിതമായ ചെലവുകളുള്ള ഈ സമയത്തും ഒരു ലാഭേച്ഛയുമില്ലാതെ തികച്ചും ആത്മാർത്ഥമായ പുണ്യ പ്രവർത്തിയായി കണക്കാക്കി പാം ഇന്റർനാഷണൽ 'കർമ്മ ദീപം'' പദ്ധതിയിലുൾപ്പെടുത്തി ഒമ്പതാമത് ഭവന / നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി താക്കോൽ ദാനത്തിനു സജ്ജമാക്കിയിരിക്കുന്നു.

കർമ്മദീപം -9 ഗുണഭോക്താക്കളായ ഉള്ളന്നൂർ നിവാസികളായ ശ്രീ. മനോജ് - ശ്രീലേഖ ദമ്പതികൾക്ക്, അവർക്കു താമസിക്കുവാൻ പുതിയതായി നിർമ്മിച്ചിട്ടുള്ള വസതിയിൽ വച്ച്, ഫെബ്രുവരി 15 നു ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് താക്കോൽ നൽകിക്കൊണ്ട് പാം കർമ്മപഥത്തിൽ ഒരു എട് കൂടി എഴുതി ചേർത്തു. ഡോ.എം.എസ് സുനിൽ ഫൗണ്ടേഷനാണ് ഇക്കുറിയും പാമുമായി സഹകരിച്ചു ഈ ദൗത്യത്തിൽ പങ്കാളികളായിട്ടുള്ളത്.

ഭവന രഹിതർക്കു ഭവനം നിർമ്മിച്ചു നൽകിയും , പത്തനാപുരം ഗാന്ധിഭവനിൽ ഫിസിയോതെറാപ്പി യൂണിറ്റ് കെട്ടിടം നിർമ്മിച്ച് നൽകിയും , അട്ടപ്പാടി ആദിവാസി കോളനിയായ പുളിയ്ഞ്ചലായിൽ ലക്ഷകണക്കിന് രൂപ ചെലവാക്കി ഏകാധ്യാപക വിദ്യാലയം നിർമ്മിച്ചു നൽകിയും , അട്ടപ്പാടിയിൽത്തന്നെ അഗളിയിൽ പുനരുദ്ധാരണം ചെയ്തു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗയോഗ്യമാക്കിയും മറ്റും പാം ഇന്റർനാഷനലിന്റെ കർമ്മദീപം എന്ന പദ്ധതിയിലൂടെ അശരണർക്കു താങ്ങും തണലുമായ പല പുണ്യ പ്രവർത്തികൾ ചെയ്തുകൊണ്ടേയിരിക്കുന്നു.

പ്രത്യക്ഷമായും, പരോക്ഷമായും പാമിന്റെ ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തികളിൽ ഭാഗഭാക്കുകളായ എല്ലാ നല്ല മനസ്സുകളെയും മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ടു , ഇനിയും നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.