ഡാലസ്: ഡാലസ് കൗണ്ടിയിൽ കോവിഡ് കേസുകളുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇവിടെ 6383 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും 62 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഡാലസ് കൗണ്ടി അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ 2800 എണ്ണം കുറവാണ് കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസത്തേക്കാൾ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുവെങ്കിലും ഓമിക്രോൺ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ആശങ്ക ദുരീകരിക്കപ്പെട്ടിട്ടില്ലെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് എഴുതി തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു. മാസ്‌ക്ക് ധരിക്കുന്നതും സാമൂഹ്യ അകലം കാത്തുസൂക്ഷിക്കുന്നതും രോഗവ്യാപനം കുറയ്ക്കുന്നതിന് കാരണമാകുമെന്നതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കണമെന്ന് ജഡ്ജി അഭ്യർത്ഥിച്ചു.

ഡാലസ് കൗണ്ടിയിലെ ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ചു 561161 കോവിഡ് കേസുകളും 5888 മരണം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചകളിൽ ശരാശരി ഒരു ദിവസം 1117 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡാലസ് കൗണ്ടിയിൽ 1792928 പേർക്ക് ഒരു ഡോസ് വാക്സീൻ ലഭിച്ചിട്ടുണ്ട്. കൗണ്ടി ജനസംഖ്യയിൽ 1533500 (623%) പേർക്ക് പൂർണ്ണവാക്സിനേഷനും ലഭിച്ചതായി ജഡ്ജി പറഞ്ഞു.