ഹൂസ്റ്റൻ: കവർച്ചക്കാരനെ ലക്ഷ്യം വെച്ച വെടിയേറ്റ് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ട്രക്കിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ച ടോണി ഏൾസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റൻ വുഡ്‌റിഡ്ജിലുള്ള ലേയ്സ് ബാങ്കിനു മുൻവശത്ത് ഫെബ്രുവരി 14 തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു സംഭവം.

ടോണി ഏൾസും ഭാര്യയും ചെയ്സ് ബാങ്ക് ഡ്രൈവേയിൽ പണം വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയിൽ അപരിചതനായ അക്രമി തോക്കുചൂണ്ടി ഇവരിൽ നിന്നും പണം അപഹരിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിക്കെതിരെ ടോണി വാഹനത്തിൽ നിന്നും ഇറങ്ങി നിറയൊഴിക്കുന്നതിനിടയിലാണ് ഒൻപതു വയസ്സുകാരി ഉൾപ്പെടുന്ന അൽവാറസ് കുടുംബം അവിടെയെത്തിയത്.

വെടിവെക്കുന്ന ശബ്ദം കേട്ടു വാഹനം നിർത്തിയശേഷം എല്ലാവരേയും പുറത്തിറക്കി. എന്നാൽ പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന ഒൻപതു വയസ്സുകാരി ഇയർ ഫോണിലായിരുന്നു. വാഹനം പെട്ടെന്നു നിർത്തിയത് കവർച്ചക്കാരന്റെ സഹായിയാണെന്ന് തെറ്റിദ്ധരിച്ചാണ് ടോണി വെടിവെച്ചത്. മൂന്നു നാലു റൗണ്ടുകൾ വെടിയുതിർത്തിരുന്നു. ഇതിനിടെ യഥാർഥ കവർച്ചക്കാരൻ രക്ഷപ്പെട്ടു.

വെടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിച്ചു. വാലന്റൈയിൻ ദിനത്തിൽ ഭാര്യയും കുട്ടികളുമായി പിസാ കഴിക്കുവാനാണ് അൽവാറസ് കുടുംബം ആ വഴി വന്നത്. പോകുന്ന വഴി ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് ബാങ്കിന് മുമ്പിൽ എത്തിയതായിരുന്നു. രക്ഷപ്പെട്ട കവർച്ചക്കാരനെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു.