- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഇന്ത്യൻ ഫുട്ബോൾ താരം സുർജിത് സെൻഗുപ്ത അന്തരിച്ചു; വിടവാങ്ങിയത്, ഈസ്റ്റ് ബംഗാളിന്റെ സുവർണ കാലഘട്ടത്തിലെ മധ്യനിര താരം
കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായിരുന്ന സുർജിത് സെൻഗുപ്ത (70) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതോടെ ജനുവരി 23-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞാഴ്‌ച്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1970 ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമാണ്. കഴിഞ്ഞ മാസം ഇതിഹാസ താരം സുഭാഷ് ഭൗമിക് വിട പറഞ്ഞതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു ഇതിഹാസ താരത്തിന്റെ കൂടി വിയോഗ വാർത്ത ഫുട്‌ബോൾ ലോകത്തെ തേടിയെത്തുന്നത്.
കൊൽക്കത്തൻ ക്ലബ്ബിന്റെ സുവർണ കാലഘട്ടത്തിൽ മധ്യനിര ഭരിച്ചിരുന്നത് സെൻഗുപ്തയായിരുന്നു. ക്ലബ്ബ് തുടർച്ചയായി ആറു തവണ കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടം നേടിയപ്പോഴും സെൻഗുപ്ത ടീമംഗമായിരുന്നു. ആറു ഐഎഫ്എ ഷീൽഡും മൂന്നു ഡ്യൂറന്റ് കപ്പ് കിരീടങ്ങളും ഈസ്റ്റ് ബംഗാൾ ജഴ്സിയിൽ സെൻഗുപ്ത സ്വന്തമാക്കി.
1951 ഓഗസ്റ്റ് 30-ന് ജനിച്ച താരം കിദ്ദെർപോർ ക്ലബ്ബിലൂടേയാണ് കരിയർ തുടങ്ങിയത്. ഈസ്റ്റ് ബംഗാളിനെ കൂടാതെ കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനും മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനും ബൂട്ടുകെട്ടി. 1972,1974 സീസണുകളിലാണ് മോഹൻ ബഗാൻ ജഴ്സിയിൽ കളിച്ചത്. 1980-ൽ മുഹമ്മദൻസുമായും കരാറൊപ്പിട്ടു. ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം മാധ്യമമേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം ബംഗാളിൽ നിന്നുള്ള ആജ്കൽ ദിനപത്രത്തിന്റെ എഡിറ്റോറിയൽ സ്ഥാനം കൈകാര്യം ചെയ്തിരുന്നു.




