- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സംഗീതജ്ഞൻ ബപ്പി ലഹ്രിയുടെയും, മലയാളം സിനിമ-സീരിയൽ താരം കോട്ടയം പ്രദീപിന്റെയും നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു
ദമ്മാം: പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകനും, ഗായകനുമായ ബപ്പി ലഹ്രിയുടെയും, മലയാളം സിനിമ, നാടകം, ടി വി എന്നിവയിലൂടെ പ്രശസ്തനായ അഭിനേതാവ് കോട്ടയം പ്രദീപിന്റെയും നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ സിനിമാസംഗീതത്തിൽ ഡിസ്‌കോയുടെ മാസ്മരിക ലഹരി ചേർത്ത ഡിസ്‌കോ കിങ് എന്നറിയപ്പെട്ടിരുന്ന അലോകേഷ് ലഹ്രി എന്ന ബപ്പി ലഹ്രി ഒട്ടേറെ ഹിറ്റ്ഗാനങ്ങളുടെ സൃഷ്ടാവാണ്. അടിപൊളി സംഗീതവും, മികച്ച മെലഡികളും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു. റെക്കോർഡ് പ്രൊഡ്യൂസർ എന്ന നിലയിലും, ഡബ്ബിങ് ആർട്ടിസ്റ്റായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നിറയെ സ്വർണമാലകളണിഞ്ഞ്, വെൽവെറ്റ് ഓവർകോട്ടുകളും, വിവിധതരത്തിലുള്ള സൺഗ്ലാസ്സുകളും ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലഹ്രി എന്ന ഹിറ്റ് മേക്കര്, ഹിന്ദിക്കു പുറമെ, ബംഗാളി, തെലുഗു, തമിഴ്, കന്നട, ഗുജറാത്തി ഭാഷാച്ചിത്രങ്ങളിലും മനോഹരമായ പാട്ടുകൾ തീർത്തിട്ടുണ്ട്. അദ്ദേഹം സംഗീതം നൽകിയ ചൽതേ ചൽതേയും, റംബ ഹോയും, ഡിസ്‌കോ ഡാൻസറും, ഊലാലാ ഊലാലയും സൃഷ്ടിച്ച ലഹരിയുടെ അലകൾ ഒരിക്കലും അവസാനിക്കില്ല.
അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും, പത്തു വർഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നിൽക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും സാധിച്ചിട്ടുള്ള നടനായിരുന്നു കോട്ടയം പ്രദീപ്. സവിശേഷമായ സംഭാഷണശൈലിയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കിയത്. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ്, വിണ്ണൈത്താണ്ടിവരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയ ഒട്ടേറെ ജനപ്രിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
രണ്ടു പേരുടെയും നിര്യാണത്തിൽ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.