ഹൂസ്റ്റൺ : അഞ്ച് വയസ്സുള്ള മകളെ ബെൽറ്റ് കൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മാതാവിനെ 40 വർഷത്തെ തടവിന് ശിക്ഷിച്ചു . ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കിം ഓഗ് ഫെബ്രു.17 വ്യാഴാഴ്ചയാണ് ശിക്ഷാവിധിയെക്കുറിച്ച് പ്രസ്താവന നടത്തിയത് .

മാർച്ച് 9 - 2019 ൽ ആയിരുന്നു സംഭവം ; ആൻഡ്രിയ വെബ് (40) പൊലീസിനെ വിളിച്ച് തന്റെ മകൾ (സമാന്ത ബെൽ) അപ്പാർട്ട്‌മെന്റിന്റെ ബാൽക്കെണിയിൽ നിന്നും താഴെ വീണു മരിച്ചു എന്നറിയിച്ചു .

പൊലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോൾ ശരീരം മുഴുവൻ അടി കൊണ്ട ആഴത്തിലുള്ള പാടുകൾ കണ്ടെത്തി .

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആൻഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു . തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ച് അടിച്ച് ചുമരിനോട് ചേർത്ത് മണിക്കൂറുകളോളം ഇരുത്തുകയും അവിട നിന്നും അനങ്ങിയാൽ വീണ്ടും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി സമ്മതിച്ചു . കുട്ടി മരിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് സത്യം മറച്ചു വച്ചത് എന്നും ഇവർ പറഞ്ഞു .

ആൻഡ്രിയയുടെ ആൺസുഹൃത്തും ഇതിൽ പ്രതിയായി ചേർക്കപ്പെട്ടിരുന്നു . കേസിന്റെ വിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . ഇത് ഒരു ദിവസം കൊന്നതല്ല , ദീർഘനാൾ ഇങ്ങനെ പീഡിപ്പിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു .

ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും , കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്ന് വിധി പ്രഖ്യാപിച്ച് ജഡ്ജി ചോദിച്ചു . ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും ജഡ്ജി പറഞ്ഞു .